അഴകാർന്ന കാർകൂന്തൽ എല്ലാവരുടെയും സ്വപ്‌നമാണ്. പണമെത്ര ചെലവാക്കിയിട്ടും മുടി അങ്ങോട്ട് മെനയാവുന്നില്ലെന്ന നിരാശയിലാണോ നിങ്ങൾ. എങ്കിൽ നമുക്ക് ഇത്തിരി വീട്ടുവൈദ്യം പരീക്ഷിക്കാം. ആദ്യമായി നമ്മൾ അറിയേണ്ടത് എല്ലാവർക്കും ഒരേതരത്തിലുള്ള മുടിയല്ല ഉള്ളതെന്ന് മനസിലാക്കണം. പലരുടെയും പാരമ്പര്യം,ജീവിതശൈലി എന്നിവയനുസരിച്ച് മുടിയുടെ പ്രത്യേകതകൾ മാറാം. മുടിയുടെ സ്വഭാവം അനുസരിച്ച് വേണം പരിചരണം നൽകാൻ. തല നന്നായി മസാജ് ചെയ്യുന്നത് എല്ലാവർക്കും ഫലിക്കുന്ന ഒരു വിദ്യയാണ്. തലയിലേക്കുള്ള മസാജ് രക്തചംക്രമമം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തി മുടിവളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണ ഉറങ്ങുന്നതിന് മുൻപ് മുടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ഏതെങ്കിലും ഓയിൽ കൂടി ഉപയോഗിച്ചാൽ ഗുണം ഇരട്ടി. വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്.
മുടി ഇടയ്ക്ക് ട്രിം ചെയ്ത് നൽകുന്നത് മുടി വളർച്ചയെ സഹായിക്കും ഒന്നോ രണ്ടോ ഇഞ്ച് വെട്ടിയാൽ മതിയാകും. ഭക്ഷണമാണ് മരുന്ന്. മുടിയ്ക്ക് പോഷകം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക. ചീര.മുട്ടയുടെ വെള്ള,ഏത്തപ്പഴം,ഉണക്കമുന്തിരി പോലുള്ളവ ഏറ്റവും ഗുണപ്രദം. ശരീയായ ഷാംപൂവും കണ്ടീഷണറും ഹെയർമാസ്‌ക്കുകളും ഉപയോഗിക്കുക.
ഇനി മറ്റൊന്ന് കൂടി അറിയൂ. നമ്മൾ രുചിയോടെ കുടിക്കുന്ന മോര് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്തരിക ആരോഗ്യത്തിനും ചർമ്മത്തിനും മുടിയ്ക്കും ഗുണം നൽകുന്ന അനേകം വസ്തുക്കൾ മോരിലുണ്ട്. വിദേശീയർ ബട്ടർമിൽക്ക് എന്ന് വിളിക്കുന്ന മോര് എങ്ങനെയാണ് ഗുണകരമാകുന്നതെന്ന് നോക്കാം.
താരൻ ശമിപ്പിക്കുന്നതിനും തലയോട്ടിയിലെ ചൊറിച്ചിൽ മാറുന്നതിനും മോര് സഹായിക്കുന്നു. മുടിയിഴകളെ ശക്തിപ്പെടുത്താനും സ്വാഭാവിക തിളക്കം നൽകാനും മോര് സഹായിക്കുന്നു. തലവൃത്തിയായി സൂക്ഷിച്ചാൽ തന്നെ മുടിയ്ക്ക് ആരോഗ്യമുണ്ടാകും. മുടിയെ ആഴത്തിൽ പോഷിപ്പിക്കുകയും പുതിയ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്ന അവശ്യ പ്രോട്ടീനുകൾ മോരിൽ അടങ്ങിയിട്ടുണ്ട്..നിങ്ങളുടെ മുടിയുടെ ഘടനയിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ മോരിന് കഴിയും. ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയാക്കാൻ സഹായിക്കും
ഒരുപാത്രത്തിൽ മോര് എടുത്ത് മുടിവേരുകളിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകുക. ഇത് ആഴ്ചയിൽ 2-3 തവണ ചെയ്യുന്നത് വലിയ മാറ്റം കൊണ്ട് വരും.
ഒരു പാത്രത്തിൽ മോരിനൊപ്പം ഓട്‌സ് മിക്‌സ് ചെയ്യണം. ഇതിലേക്ക് തേനും ബദാം ഓയിലും ചേർക്കുക. മിശ്രിതം മിനുസമാർന്നതാകുന്നതുവരെ നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. 10 മിനിറ്റ് നേരം ഇത് മുടിയിൽ വയ്ക്കുക. മുടി നനച്ച് നനഞ്ഞ വിരലുകൾ കൊണ്ട് മൃദുവായി സ്‌ക്രബ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങൾക്കായി, ഈ മാസ്‌ക് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കുക.
കുറച്ച് ടേബിൾസ്പൂൺ മോരിൽ ഒരു മുട്ട, കുറച്ച് ടേബിൾസ്പൂൺ ഒലിവ് ഓയിൽ, ഒരു വാഴപ്പഴം, രണ്ട് ടേബിൾസ്പൂൺ അസംസ്‌കൃത തേൻ എന്നിവ മിക്സ് ചെയ്യുക. ഇവ നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടി തുണി കൊണ്ട് മൂടുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും വച്ചശേഷം ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
Discussion about this post