ടോക്യോ: ബോംബ് സ്‌ഫോടനത്തെ തുടർന്ന് ജപ്പാനിലെ വിമാനത്താവളം അടച്ച് പൂട്ടി. തെക്ക്- പടിഞ്ഞാറൻ ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. വിമാനത്താവളത്തിന്റെ റൺവേയിൽ ആയിരുന്നു സ്‌ഫോടനം. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക വർഷിച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഉഗ്രശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്‌ഫോടനത്തിൽ റൺവേയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളം അടച്ചത്.
സ്‌ഫോടനത്തിൽ ഏഴ് മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലുമാണ് റൺവേയിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥലത്ത് ജപ്പാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്‌സ് എത്തി പരിശോധന നടത്തി. സ്‌ഫോടനം നടക്കുന്നതിന് രണ്ട് മിനിറ്റ് മുൻപ് സ്ഥലത്ത് വിമാനം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ 90 വിമാനങ്ങളാണ് റദ്ദാക്കിയത്. മിയാസാക്കി വിമാനത്താവളം ഇരിക്കുന്ന രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ നാവിക സേനയുടെ ബേസ് ആയിരുന്നു.
Discussion about this post