എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയലാണ് പരാതി നൽകിയത്. ദി ഹിന്ദു പത്രത്തിൽ വന്ന മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, വിവാദ അഭിമുഖത്തിൽ മൗനം തുടരുന്ന നിലപാടാണ് വാർത്താ സമ്മേളനത്തിലുടനീളം മുഖ്യമന്ത്രി സ്വീകരിച്ചത്. അഭിമുഖത്തിന്റെ പേരിൽ ദ ഹിന്ദുവിനെതിരെ വിയോജിപ്പ് അറിയിച്ചെങ്കിലും വ്യാജ പരാമർശങ്ങളിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അഭിമുഖം ആവശ്യപ്പെട്ടത് ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രഹ്‌മണ്യൻ ആണെന്നും പറയാത്ത കാര്യങ്ങൾ ആണ് അഭിമുഖത്തിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. തനിക്ക് ഒരു പിആർ ഏജൻസിയെയും അറിയില്ല. ഹിന്ദു ലേഖികയുമായി അഭിമുഖം മുന്നോട്ടു പോവുന്നതിനിടെ മറ്റൊരു വ്യക്തി വന്നിരുന്നുവെന്നും അത് ആരാണെന്ന് തനിക്ക് അറിയില്ല. ലേഖികയുടെ സുഹൃത്ത് ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഹിന്ദുവിനെതിരെ നിയമനടപടിയെടുക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഹിന്ദുവും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post