ജെറുസലേം: ഹസ്സൻ നസ്രള്ളയുടെ പിൻഗാമിയും പുതിയ ഹിസ്ബുള്ള തലവനുമായ ഹാഷിം സഫീദ്ദിനെ നോട്ടമിട്ട് ഇസ്രായേൽ. ഇന്ന് പുലർച്ചെ ബെയ്‌റൂട്ട് വിമാനത്താവളത്തിന്റെ പരിസരത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം സഫീദിനെ വധിക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഹിസ്ബുളളയുടെ ഭാഗത്ത് നിന്നോ ഇസ്രായേൽ സേനയുടെ ഭാഗത്ത് നിന്നോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ഇസ്രായേൽ ബെയ്‌റൂട്ട് വിമാനത്താവളത്തിന്റെ പരിസരത്ത് വ്യോമാക്രമണം നടത്തിയത്. ഇവിടെ ബങ്കറിനുള്ളിൽ മറ്റൊരു ഹിസ്ബുള്ള നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സഫീദിൻ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇതുവരെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും ശക്തമായത് ആയിരുന്നു പുലർച്ചെ ഉണ്ടായത്. അപ്പോൾ തന്നെ സംശയം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സഫീദിനെ ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തമായത്. അതേസയം ഈ ആക്രമണത്തിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ആഴ്ചയാണ് വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ ഹസ്സൻ നസ്രള്ളയെ വധിച്ചത്. ഇതിന് പിന്നാലെ ഹിസ്ബുള്ളയുടെ അടുത്ത തലവനായി സഫീദിനെ തീരുമാനിക്കുകയായിരുന്നു. 2017 ൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചയാളാണ് സഫീദിൻ.
Discussion about this post