സ്വന്തമായി ഒരു കാറുവാങ്ങുക എന്നത് പലരുടെയും സ്വപ്‌നമായിരിക്കും. ദീർഘദൂരയാത്രകൾ പോകാനും,കുടുംബവുമൊന്നിച്ച് റൈഡിന് പോകാനും, ഒരു കാർ വീട്ടിലുണ്ടെങ്കിൽ വളരെ ഉപകാരമായി. എന്നാൽ ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങിയാൽ അതിടാൻ സ്ഥലമില്ലാതെ വിഷമിക്കുന്നവരാണ് പലവീട്ടുകാരും. മൂന്നോ നാലോ സെന്റിൽ വീട് കെട്ടിപ്പൊക്കിയാൽ ബാക്കി നിന്ന് തിരിയാൻ സ്ഥലമില്ല. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരാണെങ്കിൽ വാടകനൽകി വേണം പാർക്കിംഗ് ഏരിയ സ്വന്തമാക്കാൻ. ഓരോ ഫ്‌ളാറ്റിനും അത് നിൽക്കുന്ന സ്ഥലത്തിന്റെ ഡിമാൻഡിനും അനുസരിച്ച് വാടകകൂടും.
എന്നാൽ കേട്ടാൽ അന്തംവിട്ട് പോകുന്ന വാടക കാർപാർക്കിംഗിനായി കൊടുക്കേണ്ട സ്ഥലമുണ്ട്. പേടിക്കേണ്ട നമ്മുടെ രാജ്യത്തല്ല അങ്ങ് ന്യൂയോർക്കിലാണ്. കാർ പാർക്കിംഗിനായി നാലുകോടിയിലേറെ രൂപയാണ് നൽകേണ്ടത്. ന്യൂയോർക്കിലെ മാൻഹട്ടൻ ബിൽഡിംഗിലാണ് ഇത്രയധികം ഉയർന്ന കാർവാടക.
15 നില കെട്ടിടത്തിന്റെ കാർ പാർക്കിംഗ് ഏരിയയ്ക്ക് അലക്‌സ് വിറ്റ്‌കോഫ് എന്ന ഡവലപ്പറാണ് ഇത്രയും തുക പാർക്കിംഗ് ഏരിയയ്ക്ക് മാത്രം തുകയിട്ടത്. ഹോളിവുഡിലെ അതിസമ്പന്നരായ സെലിബ്രറ്റികളും ന്യൂയോർക്കിലെ ബിസിനസ് ടൈക്യൂണുകളും വസിക്കുന്ന ഏരിയയാണിത്. ഇവരുടെ ഒക്കെ പ്രശ്‌നം തങ്ങളുടെ പ്രീമിയം കാറുകൾ പാർക്ക് ചെയ്യാൻ നല്ല ഏരിയ ലഭിക്കുന്നില്ല എന്നത് തന്നെയാണ്. ഇത് മുന്നിൽ കണ്ടാണ് പാർക്കിംഗ് ഏരിയയ്ക്കായി ഇത്രയധികം തുക ഈടാക്കുന്നത് എന്ന് വേണം കരുതാൻ.
ഇതിന് മുൻപ് യുഎസിലെ ബോസ്റ്റണിലെ ബീക്കൺ ഹില്ലിലുള്ള ബ്രിമ്മർ സ്ട്രീറ്റ് ഗാരേജിൽ ഒരു റിയൽ എസ്‌റ്റേറ്റ് ഏജന്റ് 41 ലക്ഷം രൂപയ്ക്ക് പാർക്കിംഗ് ഏരിയ മാത്രം വിറ്റത് വാർത്തയായിരുന്നു. മൂന്ന് വർഷം മുൻപ് ഹോങ്കോങ്ങിൽ ഒരു പാർക്കിംഗ് ഏരിയ്യക്ക് മാത്രമായി ഒരാൾ 10 കോടി രൂപയോളം ചെലവാക്കിയത് വലിയ വാർത്തയായിരുന്നു.
Discussion about this post