വയറുവേദന വരാത്തവർ വളരെ വിരളമായിരിക്കും കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകാൻ സാധ്യത ഉള്ള ഒന്നാണിത്. പലവിധകാരണങ്ങൾ കൊണ്ടാണ് വയറുവേദന ഉണ്ടാവുന്നത്. ദഹനപ്രശ്‌നം,ഗ്യാസ്,അലർജി,മറ്റ് രോഗലക്ഷണങ്ങൾ എന്തിന് കാൻസറിന് വരെയുള്ള ലക്ഷണമാണ് വയറുവേദന.
വയറിന്റെ ഒരുവശത്ത് കഠിനമായ വേദനയാണെങ്കിൽ അപ്പെൻഡിസൈറ്റിസ് ആണോയെന്ന സംശയമായിരിക്കും പലർക്കും. വയറിന്റെ വലതുഭാഗത്തായാണ് ചെറുകുടലും വൻകുടലും ചേരുന്ന ഇടത്ത് അപ്പെൻഡിക്‌സ് എന്ന അവയവമുള്ളത്. നമ്മുടെ കുടൽമാലയിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന കുടലിന് പ്രതിരോധം തീർക്കുന്ന അവയവമാണിത്.
അപ്പൻഡിക്‌സിനെ ബാധിക്കുന്ന അണുബാധ. അപ്പൻഡിക്‌സിൽ നിന്നും വൻകുടലിലേക്കുള്ള കവാടത്തിന് ഏതെങ്കിലുമൊക്കെ കാരണത്താൽ ഒരു തടസ്സം നേരിടുമ്പോഴാണ് അപ്പൻഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.ഉദാഹരണമായി കുരുനീക്കം ചെയ്യാതെ നാരങ്ങാവെള്ളം കുടിക്കുമ്പോൾ കുരു അപ്പെൻഡിക്സിൽ തടഞ്ഞാൽ അണുബാധ വരാവുന്നതാണ്. അതു പോലെ കടല, പയറുമണി, മറ്റു ധാന്യങ്ങൾ ഇവ തടഞ്ഞാലും തുടർന്ന് അണുബാധയുണ്ടായി അപ്പെന്റിസൈറ്റിസാകാം.മലം ഉറഞ്ഞ് ചെറിയ കല്ലുരൂപത്തിലാകുകയോ , വിരകൾ, അണുബാധയാൽ വീങ്ങിയ കഴലകൾ, വൻകുടലിലെ അപ്പൻഡിക്‌സിനോട് ചേർന്നു കിടക്കുന്ന ഭാഗത്തുള്ള ട്യൂമറുകൾ എന്നിവയൊക്കെ ഈ തടസ്സം സൃഷ്ടിക്കാം. പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ട അപ്പൻഡിക്‌സിനുള്ളിൽ മർദ്ദം ഉയരുകയും, ക്രമേണ അപ്പൻഡിക്‌സിൻറ്റെ ഭിത്തിയിലേക്കുള്ള രക്തചംക്രമണം കുറഞ്ഞു വന്ന് ഉള്ളിൽ ബാക്ടീരിയകൾ പെറ്റുപെരുകി പഴുപ്പാകുകയും ചെയ്യുന്നു. ചികിത്സയൊന്നും ചെയ്യാതെ ഈ അവസ്ഥ തുടർന്നാൽ അപ്പൻഡിക്സ് പൊട്ടി ഈ പഴുപ്പ് വയറ്റിനകത്തേക്ക് ബാധിക്കും.സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മരണത്തിൽ വരെ കലാശിച്ചേക്കാം
പൊക്കിളിന്റെ ഭാഗത്ത് വേദന ആരംഭിച്ച് വലതുവശത്ത് താഴത്തേക്ക് വേദനയുണ്ടാകുകയാണെങ്കിൽ അത് അപ്പെൻഡിസൈറ്റിസ് ആണോയെന്ന് സംശയിക്കണം.എല്ലാ രോഗലക്ഷണങ്ങളും എല്ലാ രോഗികളിലും ഒരുമിച്ച് ഉണ്ടാവണമെന്നില്ല. ഗർഭിണികളിലാണ് അപ്പൻഡിസൈറ്റിസ് വരുന്നതെങ്കിൽ വേദന അനുഭവപ്പെടുക വയറിന്റെ മുകൾഭാഗത്തായിരിക്കും. വീർത്തിരിക്കുന്ന ഗർഭപാത്രം അപ്പൻഡിക്സ് തുടങ്ങുന്ന വൻകുടലിനെ മുകളിലേക്ക് തള്ളുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.അനങ്ങുമ്പോഴും ചുമയ്ക്കുമ്പോഴും വേദന ഇരട്ടിക്കുകയാണെങ്കിൽ കൂടുതൽ ആലോചിക്കാനില്ല വേഗം ഡോക്ടറെ സമീപിക്കുക.
Discussion about this post