വീഡിയോ എഡിറ്റിംഗിന് ഇനി വേറെ ഒരു ആപ്പും നോക്കി പോവണ്ട. പുത്തൻ വീഡിയോ എഡിറ്റിംഗ് ഫീച്ചറുകളുമായി ഫേസ്ബുക്ക് ഉടമകളായ മെറ്റ എത്തിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഫീച്ചറയാണ് മെറ്റ എത്തിയിരിക്കുന്നത്.
മെറ്റ മൂവി ജെൻ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഈ എഐ മോഡലിന്റെ സാംപിൾ വീഡിയോകൾ ഇപ്പോൾ വൈറലാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഒരു ചിത്രം കൊണ്ട് ഒരായിരം വീഡിയോകൾ നിർമിക്കാൻ സാധിക്കും എന്നതാണ്.
നിങ്ങൾക്ക് എങ്ങനെയുള്ള വീഡിയോകളാണോ ആവശ്യമുള്ളത് അല്ലെങ്കിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സന്ദേശത്തിലൂടെ എഐ മോഡലിനോട അറിയിച്ചാൽ മാത്രം മതി. ബാക്കിയുള്ള പണി മൂവി ജെൻ നോക്കിക്കൊള്ളും. നിങ്ങൾ ടൈപ്പ് ചെയ്ത് നൽകിയാൽ ഉടനടി തന്നെ വീഡിയോ നിർമ്മിച്ച് നൽകും.
നമ്മുടെ കൈയിൽ ഒരു കുട്ടി ഓടുന്ന വീഡിയോയുണ്ട് എന്ന് സങ്കൽപിക്കുക. അയാൾ എവിടെ ഓടണം എന്ത് പിടിച്ച് ഓടണം എന്നെല്ലാം ടെക്സ്റ്റിലൂടെ നിർദേശങ്ങൾ നൽകി എഡിറ്റ് ചെയ്യാം. ഒരു പാർക്കിലൂടെ ഓടുന്ന ഒരാളെ ഇങ്ങനെ എഐ സഹായത്താൽ നിമിഷ നേരം വേറെ എവിടേക്ക് വേണമെങ്കിലും മാറ്റാം.
ഇതിന് പുറമെ ഒരു പെൺകുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും നിർദേശങ്ങളും നൽകിയാൽ അവൾ ചിത്രം വരയ്ക്കുന്നതായോ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതായോ ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നതായോ മറ്റെന്തെങ്കിലും ജോലി ചെയ്യുന്നതായോ ഫുൾസൈസ് വീഡിയോ വരെ സൃഷ്ടിക്കാം.
Discussion about this post