കാസർകോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കോടതി. കേസിൽ പ്രതിചേർത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കാസർകോഡ് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി എല്ലാ പ്രതികളെയും വെറുതെ വിട്ടത്. കെ സുരേന്ദ്രൻ അടക്കം 6പേരെയായിരുന്നു പോലീസ് കേസിൽ പ്രതി ചേർത്തിരുന്നത്.
കേസിൽ പ്രതിചേർത്ത 6 പേർ നൽകിയ വിടുതൽ ഹർജി കോടതി അംഗീകരിച്ചു. ഇന്ന് നേരിട്ട് ഹാജരാകണമെന്ന് പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാവരും കോടതിയിൽ ഹാജരായിരുന്നു. കേസ് നിലനിൽക്കില്ല എന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് ആറ് പേരെയും കുറ്റവിമുക്തരാക്കുന്നതായി കോടതി ഉത്തരവിട്ടു.
2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് കെ സുരേന്ദ്രൻ കോഴ നൽകി എന്നായിരുന്നു പോലീസ് കേസെടുത്തിരുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആയി കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി എന്നാണ് ആരോപണമുയർന്നിരുന്നത്. കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്തിരുന്ന കേസിൽ ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ, സുരേഷ് നായ്ക്ക്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് , ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരായിരുന്നു മറ്റ് പ്രതികൾ.
Discussion about this post