തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ള ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ആകും ഇന്ന് മഴ ലഭിക്കുക. മറ്റ് ജില്ലകളിലും മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേ .തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെയെല്ലാം സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post