എറണാകുളം: ഇന്ത്യൻ സിനിമാ ലോകത്തെ താര സുന്ദരിയാണ് പ്രിയാമണി. തിരക്കഥ, പ്രാഞ്ചിയട്ടൻ, നേര് തുടങ്ങി നിരവധി മലയാള ചിത്രത്തിലാണ് പ്രിയമണി അഭിനയിച്ചിട്ടുള്ളത്. അന്യഭാഷാ സിനിമകളിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ എത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രിയാ മണി. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയാമണി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ മറ്റൊരു താരത്തിൽ നിന്നും ലഭിച്ച ഉപദേശത്തെക്കുറിച്ചാണ് പ്രിയാമണി വെളിപ്പെടുത്തുന്നത്. പേര് പറയാതെ ആയിരുന്നു വെളിപ്പെടുത്തൽ. ഏറെക്കാലം മുൻപ് ആണ് ഈ സംഭവം ഉണ്ടായത് എന്നും പ്രിയാമണി കൂട്ടിച്ചേർത്തു.
കരിയറിൽ മുന്നേറണം എങ്കിൽ നായകന്മാർക്കും സംവിധായകർക്കും നിരന്തരം സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കണം എന്നായിരുന്നു ആ ഉപദേശം. എല്ലാവരെയും പോക്കറ്റിലാക്കണം. നേരിട്ടുള്ള സന്ദേശം ആകണം എന്നില്ല. അതിന് പകരം ഹായ് എന്നോ ഹൗ ആർയു എന്നോ അയക്കാമെന്നും അവർ നിർദ്ദേശിച്ചതായി പ്രിയാമണി പറഞ്ഞു.
എന്നാൽ തനിക്ക് അതിന് കഴിയില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. താൻ അങ്ങിനത്തെ വ്യക്തിയല്ല. സിനിമയിൽ നമ്മുടെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്ക് രാത്രി സമാധാനമായി ഉറങ്ങണം. തന്റെ മാതാപിതാക്കളെ നാണം കെടുത്തരുത്. അവസരങ്ങൾ ചോദിച്ച് അങ്ങോട്ട് പോകാൻ താത്പര്യം ഇല്ലെന്നും പ്രിയാമണി വ്യക്തമാക്കി.
മറ്റ് നായികമാർ കാരണം തന്റെ സീനുകൾ സിനിമയിൽ നിന്നും കട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. തിരക്കഥ എന്ന സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നത് സ്വന്തമായി ഡബ്ബ് ചെയ്യാത്തത് കൊണ്ടായിരുന്നു. അക്കാലത്ത് താൻ കരിയറിലെ മോശം കാലഘട്ടത്തിലൂടെ ആയിരുന്നു കടന്ന് പോയിരുന്നത് എന്നും പ്രിയാമണി കൂട്ടിച്ചേർത്തു.
Discussion about this post