ടെൽ അവീവ് : ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന മാക്രോണിന്റെ ആവശ്യമാണ് നെതന്യാഹുവിനെ പ്രകോപിതനാക്കിയത്. മാക്രോണിന്റെ നിലപാട് നാണംകെട്ടതും കാപട്യം നിറഞ്ഞതും ആണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.
“ഇറാന്റെ നേതൃത്വത്തിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന പ്രാകൃത ശക്തികളോട് ഇസ്രായേൽ പോരാടുമ്പോൾ, എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇസ്രായേലിൻ്റെ പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്. എന്നാൽ
ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോണും മറ്റ് ചില പാശ്ചാത്യ നേതാക്കളും ഇപ്പോൾ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നു. ഈ ആളുകളോട് എനിക്കിപ്പോൾ ലജ്ജ തോന്നുകയാണ് ചെയ്യുന്നത്. എത്ര കാപട്യം നിറഞ്ഞ നിലപാടുകളാണ് ഇവരുടേത് എന്ന് തിരിച്ചറിയുന്നു” എന്നാണ് ഇസ്രായേലി ജനതയ്ക്ക് നൽകിയ പുതുവർഷ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കിയത്.
“ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കണമെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളവരാണ് മാക്രോൺ അടക്കമുള്ളവർ. എന്നാൽ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ് ഇവർ. ഇറാൻ തന്റെ സഖ്യകക്ഷികൾക്കെല്ലാം ആയുധം നൽകുന്നു. ഇറാന്റെ നേതൃത്വത്തിൽ ഭീകരവാദ ശക്തികൾ ഒന്നിച്ച് അണിനിരന്നിരിക്കുകയാണ്. ഈ ശക്തികളെ എതിർക്കാനായി ഒന്നിച്ചു നിൽക്കേണ്ട രാജ്യങ്ങൾ പക്ഷേ ഇപ്പോൾ ഇസ്രായേലിന് ആയുധം നൽകരുതെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത് തീർത്തും അപമാനകരമായ നിലപാടാണ്” എന്നും ബെഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തി.
Discussion about this post