കണ്ണൂർ : കേരളത്തിലെ വിവിധ മലയോര മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കണ്ണൂർ, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ആണ് അതിശക്തമായ മഴ തുടരുന്നത്. ഇവിടെ വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന എല്ലാ മേഖലകളിലും പ്രത്യേകിച്ചും മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിലുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ മട്ടന്നൂർ മേഖലയിലാണ് ശക്തമായ മഴ തുടരുന്നത്. വയനാട്ടിലും കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ശക്തമായ മഴയെ തുടർന്ന് വെള്ളം കുത്തിയൊഴുകി മട്ടന്നൂർ മേഖലയിലെ വീടുകളിലേക്ക് വെള്ളം കയറി. ഒരു മണിക്കൂറിനുള്ളിൽ 92 മില്ലിമീറ്റർ മഴയാണ് കണ്ണൂർ വിമാനത്താവളം മേഖലയിൽ പെയ്തത്. മണ്ണിടിച്ചിൽ മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post