ചെന്നൈ: വ്യോമസേനയുടെ 92-ാം വാർഷികം ആഘോഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന എയർ ഷോയിൽ നിർജ്ജലീകരണം മൂലം മൂന്ന് കാണികൾ മരിച്ചു. 230 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുങ്ങളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കോരുകുപ്പേട്ട സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്.
ഇന്ത്യൻ എയർഫോഴ്‌സിൻ്റെ ആകാശ വീര്യത്തിൻ്റെ ആവേശകരമായ പ്രദർശനമായി നടത്താൻ ഉദ്ദേശിച്ചിരുന്ന എയർ ഷോ, ഉയർന്ന ചൂടും അമിത തിരക്കും കാരണം ദുരന്തമായി മാറുകയായിരുന്നു. ട്രാഫിക് അധികൃതരുടെ മോശം ഏകോപനത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ചെന്നൈയിൽ കുടുങ്ങി. മറീന ബീച്ചിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് പരിപാടിക്ക് ശേഷം മടങ്ങിപോകാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും സ്തംഭിച്ചു.
16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടുള്ള എയർ ഷോ രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ തുടർന്നു. എന്നാൽ, വെയിലില്‍ ഇല്ലാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ആയിരക്കണക്കിന് ആളുകൾ രാവിലെ 8 മണിക്ക് തന്നെ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി പേര്‍ ചൂട് മൂലം ബോധരഹിതരായി. തിരക്ക് കാരണം സമീപത്തെ വെള്ളക്കച്ചവടക്കാരെ പോലീസ് നീക്കം ചെയ്തത് പരിപാടിയില്‍ പങ്കെടുത്തവർക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കി. ഷോ അവസാനിച്ചപ്പോൾ, വൻ ജനക്കൂട്ടം കാമരാജർ ശാലയിലേക്ക് ഒരേസമയം പുറത്തിറങ്ങാൻ ശ്രമിച്ചു. ഇത് ഗതാഗതം മുഴുവനായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ബിജെപി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. അഞ്ചു ജീവൻ നഷ്ടപ്പെട്ടത് ഒരു അപകടമായി മാറ്റാൻ കഴിയില്ല. അടിസ്ഥാന സുരക്ഷാ നടപടികളും ഗതാഗത ക്രമീകരണങ്ങളും ഒരുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പൊതു സുരക്ഷയെ അവഗണിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ കുറ്റപ്പെടുത്തി.
Discussion about this post