ന്യൂയോർക്ക്: കാലിഫോർണിയയിലെ തടാകത്തിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി ഗവേഷകർ. സാൾട്ടൻ തടാകത്തിലാണ് ലിഥിയത്തിൽ വലിയ ശേഖരം കണ്ടെത്തിയത്. വെളുത്ത സ്വർണം എന്ന് അറിയപ്പെടുന്ന ലിഥിയത്തിന് വിപണിയിൽ പൊന്നും വിലയാണ്.
കാലിഫോർണിയയിലെ എനർജി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയത്. തടാകത്തിനുള്ളിൽ ലിഥിയത്തിന്റെ അംശം ഉള്ളതായി ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ അളവ്, മൂല്യം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വിശദമായ പഠനം നടത്തുകയായിരുന്നു. ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയ സാഹചര്യത്തിൽ ഇവ വേർതിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
തടാകത്തിലെ ലിഥിയത്തിന്റെ ശേഖരത്തിന്റെ മൂല്യം കണക്കാക്കിയാൽ ഏകദേശം 540 ബില്യൺ ഡോളർ വരുമെന്നാണ് വിവരം. 382 മില്യൺ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ബാറ്ററികൾ ഇവ ഉപയോഗിച്ച് നിർമ്മിക്കാം.
കാലിഫോർണിയ സർവ്വകലാശാലയിലെ പ്രഫസർ മൈക്കിൾ മക്ബ്ബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ലിഥിയം ശേഖരമുള്ള മേഖലയാണ് സാൾട്ടൻ തടാകം എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ലിഥിയം ഇവിടെയുണ്ട്. ഇത് വേർതിരിച്ച് കഴിഞ്ഞാൽ ചൈനയിൽ നിന്നും ലിഥിയം ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post