ഇന്ത്യൻ സിനിമയിൽ രണ്ട് ഭാഷകളിലായി സൂപ്പർസ്റ്റാർ പദവികൾ അലങ്കരിക്കുന്നവരാണ് അമിതാബ് ബച്ചനും രജനീകാന്തും. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ആണ് ബച്ചനെങ്കിൽ തമിഴിന്റെ സ്വന്തം തലൈവയും ദളപതിയുമൊക്കെയാണ് രജനീകാന്ത്. ഇപ്പോഴിതാ വേട്ടയ്യൻ എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ ഒന്നിക്കുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് നടന്ന വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ അമിതാഭ് ബച്ചനെ കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ബച്ചന്റെ ജീവിതത്തിലെ ദുരിതം നിറഞ്ഞ കാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് രജനി. കടം കുമിഞ്ഞ് കൂടിയ ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നും ഈ നിലയിലെത്താൻ 18 മണിക്കൂർ വരെ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടുള്ള ഒരു ബച്ചൻ ഉണ്ടായിരുന്നുവെന്ന് രജനി പറയുന്നു.
ഇടക്കാലത്ത് കരിയറിന്റെ കൊടിമുടിയിൽ നിൽക്കുമ്പോൾ ബച്ചൻ ചെറിയൊരു ഇടവേളയെടുത്തിരുന്നു. ആ ചെറിയൊരു ഇടവേളക്ക് ശേഷം അദ്ദേഹം അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന ഒരു കമ്പനി സ്ഥാപിച്ചു. നിർഭാഗ്യമെന്ന് പറയട്ടേ, കമ്പനി വലിയൊരു നഷ്ടത്തിലേക്കാണ് എത്തിയത്. ജുഹുവിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വീട് ഉൾപ്പെടെ പലതും ഈ നഷ്ടം പരിഹരിക്കാനായി അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു.
അദ്ദേഹത്തിന്റെ തകർച്ചയെ ആഘോഷിച്ച നിരവധി പേരുണ്ടായിരുന്നു. ഇൻഡസ്ട്രിക്ക് അകത്തും പുറത്തും. പിന്നീട് യഷ് ചോപ്രയെ സമീപിച്ചതോടെയാണ് അദ്ദേഹത്തിന്റെ നല്ല കാലം തെളിഞ്ഞത്. അങ്ങനെയാണ് മൊഹബത്തേൻ എന്ന ചിത്രത്തിൽ വീണ്ടും എത്തിയത്. ബിഗ്ബിയുടെ രണ്ടാം ഇന്നിംഗ്‌സ് എന്നായിരുന്നു ആ തിരിച്ചുവരവിനെ സിനിമ രേഖപ്പെടുത്തിയതെന്ന് രജനി പറയുന്നു.
ഈ ചിത്രം ലഭിച്ചതിന് പിന്നിലും അദ്ദേഹത്തിശന്റ കഷ്ടപ്പാടിന്റെ കഥയുണ്ട്. ഒരു ദിവസം മങ്കിക്യാപ്പും അണിഞ്ഞ് അദ്ദേഹം യഷിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വണ്ടിക്ക് കൊടുക്കാൻ പോലും അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലായിരുന്നു. യഷിനോട് അദ്ദേഹം തൊഴിൽ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു ചെക്ക് എഴുതി ഒപ്പിട്ട് ബച്ചനു നൽകിയെങ്കിലും അത് സ്വീകരിക്കാൻ ബച്ചൻ തയ്യാറായിരുന്നില്ല. ജോലി തന്നാൽ, മാത്രമേ ചെക്ക് സ്വീകരിക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയാണ് മൊഹബത്തേൻ എന്ന ചിത്രം അദ്ദേഹത്തിന് ലഭിച്ചത്. അതോടൊപ്പം കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയിൽ അവതാരകനുമായി’- രജനി കൂട്ടിച്ചേർത്തു.
എന്തും അദ്ദേഹം ചെയ്യുമായിരുന്നു. എല്ലാതരം പരസ്യങ്ങളും അദ്ദേഹം ചെയ്തു. ബോംബൈയിലെ ആളുകളെല്ലാം ബച്ചനെ പരിഹസിക്കുമായിരുന്നു. മൂന്ന് വർഷത്തോളം അദ്ദേഹം കഷ്ടപ്പെട്ട് പണിയെടുത്തു. 18 മണിക്കൂറോളം അദ്ദേഹം നിർത്താതെ ജോലി ചെയ്യുമായിരുന്നു. കഷ്ടപ്പാട് ഒന്നുകൊണ്ട് മാത്രം അദ്ദേഹം തന്റെ പഴയ വീട് തിരിച്ചുപിടിച്ചു. അതേലൈനിലുള്ള മൂന്ന് വീടുകളും ബച്ചൻ സ്വന്തമാക്കി. ബച്ചന് ഇപ്പോൾ 82 വയസായി. ഇപ്പോഴും പത്ത് മണിക്കൂറോളം അദ്ദേഹം ജോലിയിൽ മുഴുകുന്നുവെന്നും രജനി വ്യക്തമാക്കി.
Discussion about this post