മലപ്പുറം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശം നാക്കുപിഴയാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. പരാമർശത്തിൽ പിവി അൻവർ എംഎൽഎ മാപ്പ് പറഞ്ഞു. ഫേസ്ബുക്കിൽ ഒരു വീഡിയോയിലൂടെയാണ് അൻവറിന്റെ ഖേദപ്രകടനം. പിണറായി അല്ല,പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞൻ മറുപടി കൊടുക്കുമെന്നായിരുന്നു പിവി അൻവറിന്റെ പരാമർശം.
നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന പരാമർശം ഉണ്ടായി. അപ്പന്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് പി.വി അൻവർ പറഞ്ഞു
മുങ്ങാൻ പോകുന്ന കപ്പലാണിത്. കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും പിവി അൻവർ കുറ്റപ്പെടുത്തിയിരുന്നു. തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. തന്നെ ജയിലിൽ അടച്ചേക്കാം. എന്നെങ്കിലും തെളിവുകൾ എല്ലാം പുറത്തുവരും. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിൽ സ്ഥിരതാമസം ആക്കും. കാര്യങ്ങൾ കൈവിട്ട് പോയാൽ അമേരിക്കയിൽ പോകുമെന്നും അൻവർ പറഞ്ഞിരുന്നു.
Discussion about this post