കറുപ്പ് നിറം എ ക്ലാസ് ആണെന്ന് ചിന്തിക്കുന്നവരാണ് പലരും. വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും വാഹനങ്ങളുടെ കാര്യത്തിലാണെങ്കിലും കറുപ്പ തിരഞ്ഞെടുക്കാനാണ് പലർക്കും താത്പര്യം. വസ്ത്രത്തിന്റെ കാര്യത്തിൽ കാലാവസ്ഥയനുസരിച്ച് നമ്മൾ മാറ്റങ്ങൾ വരുത്താറുണ്ട്. ചൂട് കാലത്ത് കറുപ്പ് വസ്ത്രങ്ങൾ നമ്മൾ ഒഴിവാക്കാറുണ്ട്. വാഹനങ്ങളുടെ കാര്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചിന്തിക്കാറില്ല.
എന്നാൽ, വാഹനങ്ങളുടെ കാര്യത്തിൽ കറുപ്പിനോടുള്ള പ്രണയം നിങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. കാര്യം, കറുപ്പ് നിറത്തിലുള്ള കാറുകൾ കാണാൻ ഹെവി ലുക്കാണെന്നത സത്യം തന്നെയാണ്. ആഡംബരത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നതും കറുപ്പ് കാറുകൾ തന്നെ. ഇങ്ങനെ കറുപ്പ് കാറുകൾ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടാകും. എന്നാൽ, കറുപ്പ് കാറുകൾ എന്തുകൊണ്ട് വാങ്ങരുത് എന്ന് പറയുന്നതിനുള്ള ചില കാരണങ്ങളാണ് ഇപ്പോൾ പറയുന്നത്.
കറുപ്പ് കാറുകൾ വാങ്ങിയാൽ അഴുക്കും പോറലുകളും അറിയില്ലെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും സത്യത്തിൽ അത് തെറ്റാണ്. കറുപ്പ് നിറം അഴുക്കും പോറലുകളും പെട്ടെന്ന് എടുത്ത് കാണിക്കും. അതിനാൽ, തന്നെ ഇത് എപ്പോഴും വൃത്തിയാക്കേണ്ടി വരും.
കറുപ്പ് നിറം കൂടുതൽ ചൂട് ആഗിരണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് കറുപ്പ് വസ്ത്രങ്ങൾ വേനൽകാലത്ത് നാമെല്ലാം ഒഴിവാക്കുന്നതും. വാഹനങ്ങളുടെ കാര്യത്തിലും ഇത് സംഭവിക്കാം. കറുപ്പ് നിറമുള്ള കാറുകളിൽ മറ്റ് കാറുകളെ അപേക്ഷിച്ച് ചൂട് കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചൂട് കാലത്ത് ഇത് വളരെ കൂടുതലായിരിക്കും എസി ഇട്ടാൽ പോലും മതിയാവാതെ വരുകയും അമിതമായ ചൂട് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകും.
ഇളം നിറമുള്ള കാറുകളെ അപേക്ഷിച്ച് കറുപ്പ് നിറമുള്ള കാറുകൾ പെട്ടെന്ന് അഴുക്ക് പിടിക്കാനും ഭംഗി ഇല്ലാതാവാനും കാരണമാകും. ദീർഘനേരം ഇത് വൃത്തിയാക്കേണ്ടതായി വരും. അഴുക്ക് പെട്ടെന്ന് എടുത്ത് കാണിക്കുകയും ചെയ്യും.
കറുപ്പ് കാറുകൾ വാങ്ങുന്നത് പോക്കറ്റ് കാലിയാവാനും കാരണമാകും. ചെറിയ പോറൽ പോലും കറുപ്പ് കാറുകളുടെ ഭംഗി ഇല്ലാതാക്കും. മങ്ങിയ നിറമുള്ള കാറുകളെ അപേക്ഷിച്ചു നോക്കുമ്പോൾ, കറുത്ത കാറുകളിൽ പെയ്ന്റിലെ ഏതെങ്കിലും ചെറിയ ഡെന്റുകളോ ചിപ്പുകളോ അപൂർണതകളോ കൂടുതൽ ശ്രദ്ധേയമായി കാണാം.
സൂര്യപ്രകാശം ദീർഘനേരം അടിക്കുമ്പോൾ കാലക്രമേണെ ഇതിന്റെ കളർ മങ്ങിപോവുന്നു. വാക്‌സിംഗ് അല്ലെങ്കിൽ സംരക്ഷണം ഇല്ലാത്ത സാഹചര്യത്തിൽ ഈ മങ്ങൽ വേഗത്തിലാവുന്നു. കറുപ്പ് നിറമുള്ള വസ്ത്രങ്ങൾ പെട്ടെന്ന് നരക്കുമെന്ന് പറയുന്നതുപോലെയാണ് ഇതും.
കറുപ്പ് നിറം അപകടം ക്ഷണിച്ചുവരുമെന്നും വിദഗ്ധർ പറയുന്നു. കറുപ്പ് നിറത്തിന് ദൃശ്യപരത കുറവായിരിക്കും. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. വെളിച്ചം കുറവുള്ള സാറചര്യങ്ങൾ, റോഡുകൾ, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് നിങ്ങളുടെ വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കാത്ത സമയത്ത് നിങ്ങളുടെ ജീവന് പോലും ഭീഷണിയായേക്കാം.
Discussion about this post