ന്യൂയോർക്ക്: യാത്ര ചെയ്യുമ്പോൾ വഴി ചോദിച്ച് ചോദിച്ച് പോകുന്ന കാലമെല്ലാം കഴിഞ്ഞു. ഇപ്പോൾ ഗൂഗിൾ മാപ്പാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. എവിടേയ്ക്കാണെങ്കിലും അവിടെ എത്തുന്നതിനുള്ള എളുപ്പവഴി ഗൂഗിൾ മാപ്പ് നമുക്ക് കാണിച്ച് തരും. അതേസമയം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത് തോട്ടിലും പുഴയിലും മറിഞ്ഞ് വീണവരും ഉണ്ട്. എന്തിരുന്നാലും യാത്ര ചെയ്യുമ്പോൾ വലിയ സഹായമാണ് ഗൂഗിൾ മാപ്പ് നമുക്ക് ചെയ്യാറുള്ളത്.
വഴി കാണിച്ച് തരിക മാത്രമാണ് ഗൂഗിൾ മാപ്പ് ചെയ്യാറുള്ളത് എന്ന് നമുക്ക് അറിയാം. എന്നാൽ ഇനി വഴി മാത്രമല്ല വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സ്‌പേസും ഗൂഗിൾ മാപ്പ് പറഞ്ഞ് തരും. ഇതിനുള്ള ഫീച്ചർ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ. സ്‌പോട്ട് ഹീറോ എന്ന കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിൾ പുതിയ ഫീച്ചർ ഒരുക്കുന്നത്.
വടക്കൻ അമേരിക്കയിൽ ആണ് ആദ്യം ഈ ഫീച്ചർ കൊണ്ടുവരിക എന്നാണ് വിവരം. നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോയെന്ന് ഗൂഗിൾ മാപ്പ് തന്നെ നമ്മെ അറിയിക്കും. ഇനി സ്ഥലം ഉണ്ടെങ്കിൽ ഈ സ്‌പേസ് മുൻകൂർ ആയി ബുക്ക് ചെയ്ത് വയ്ക്കാനുള്ള സൗകര്യവും മാപ്പ് ഒരുക്കുന്നുണ്ട്. ഇതിനായി മാപ്പിൽ തന്നെയുള്ള ബുക്ക് ഓൺലൈൻ എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താം. ഏത് ദിവസത്തേയ്ക്ക് വേണമെങ്കിലും ഏത് സമയത്തേയ്ക്ക് വേണമെങ്കിലും ഇങ്ങനെ പാർക്കിഗ് സ്‌പേസ് ബുക്ക് ചെയ്യാം.
Discussion about this post