എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസ്സിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ലഭിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. എറണാകുളം സിജെഎം കോടതി ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.
നവകേരള സദസ്സിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇവരെ ഡിവൈഎഫ്‌ഐ പ്രവർത്തകരും, മുഖ്യമന്ത്രിയുടെ ഗൺമാനും ഉൾപ്പെടെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. എന്നാൽ നിയമം കയ്യിലെടുത്തുകൊണ്ടുള്ള ഇവരുടെ പ്രവൃത്തികളെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനമാണ് എന്ന നിലയിൽ ആയിരുന്നു മുഖ്യമന്ത്രി പ്രസംഗങ്ങളിൽ പറഞ്ഞത്. പല വേദികളിലും ഇത് മുഖ്യമന്ത്രി ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ ഈ പരാമർശം കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഹർജി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നും ഷിയാസിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്താൻ സെൻട്രൽ പോലീസിനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
Discussion about this post