സാധാരണക്കാരുടെ ആശ്വാസമാണ് ഇരുചക്രവാഹനം. ബസും ഓട്ടോയും ഒക്കെ പിടിച്ച് എത്തുന്നതിന്റെ ബുദ്ധിമുട്ട് പലരും ബൈക്ക് യാത്രയിലൂടെയാണ് പരിഹരിക്കുന്നത്. നല്ല ട്രാഫിക്കിലും ജോലിക്ക് പോകുമ്പോഴും കോളേജിലേക്കുള്ള യാത്രയ്ക്കുമൊക്കെ സാധാരണക്കാരന് തുണ ബൈക്ക് തന്നെ. അതുകൊണ്ട് തന്നെ ബൈക്കിന്റെ ആയുസ് നല്ലത് പോലെ നോക്കേണ്ടതും നമ്മുടെ കടമയാണ്.
രാവിലെ തിരക്കുപിടിച്ച് പോകാനൊരുങ്ങുമ്പോൾ പലരും ചെയ്യുന്ന കാര്യമാണ് ഇരുചക്രവാഹനം സെൽഫ് സ്റ്റാർട്ട് ചെയ്യുക എന്നത്. പക്ഷേ ഓട്ടോമൊബൈൽ രംഗത്തെ പല വിദഗ്ധരും പറയുന്നത് രാവിലെ ആദ്യമായി വാഹനം സെൽഫ് സ്റ്റാർട്ട് ചെയ്യുന്നത് അത്ര നല്ലതല്ല എന്നാണ്. നോ പറയാൻ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ? അതറിഞ്ഞാൽ പിന്നെ നിങ്ങൾ രാവിലെ ബൈക്ക് സെൽഫ് സ്റ്റാർട്ട് ചെയ്യില്ല. രാത്രി മുഴുവൻ ബൈക്ക് വീടിന്റെ പോർച്ചിലോ മറ്റോ പാർക്ക് ചെയ്തിട്ട ശേഷം പിന്നെ രാവിലെയാണ് നാം ഇരുചക്രവാഹനമെടുക്കുന്നത്. ഇതിനെ കോൾഡ് സ്റ്റാർട്ട് എന്നാണ് വാഹനരംഗത്തെ വിദഗ്ധർ വിളിക്കുന്നത്.
പകലിൽ നിന്നും വിഭിന്നമായി രാത്രിയിലെ അന്തരീക്ഷം തണുത്തതാണ്. ഇക്കാരണം കൊണ്ട് തന്നെ നിർത്തിയിട്ടിരിക്കുന്ന ബൈക്കും തണുത്തായിരിക്കും. പ്രത്യേകിച്ച് എഞ്ചിനും തണുത്തിരിക്കും. ഈ സാഹചര്യത്തിൽ സെൽഫ് സ്റ്റാർട്ട് ചെയ്യുമ്പോൾ സെൽഫ്-സ്റ്റാർട്ട് മോട്ടോർ വളരെ കഠിനമായി പ്രവർത്തിക്കേണ്ടി വരുന്നു. അതിനാൽ, കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നു. സാധാരണ സമയങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യുമെന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. തൽഫലമായി, ബാറ്ററിയും സെൽഫ് സ്റ്റാർട്ട് മോട്ടോറും പെട്ടെന്ന് കേടാകുകയും ചെയ്യുന്നു.വാഹനത്തിന്റെ ബാറ്ററിയുടെയും സെൽഫ് സ്റ്റാർട്ട് മോട്ടോറിന്റെയും ആയുസ്സ് അതിവേഗം കുറയ്ക്കും.അതുകൊണ്ടാണ് രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കിക്കർ വേണമെന്ന് പറയുന്നത്.
ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന ചില ഇരുചക്രവാഹന മോഡലുകൾ കിക്കർ നൽകുന്നില്ലെന്നാണ് ചോദ്യമെങ്കിൽ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്വയം പ്രവർത്തിപ്പിക്കുന്ന മോട്ടോറും ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. കൂടാതെ, നിലവിൽ വിൽപ്പനയ്ക്ക് ലഭ്യമായ എല്ലാ ബൈക്കുകളിലും ഫ്യൂവൽ ഇൻജക്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഒരു കിക്കറിന്റെ ആവശ്യം ഇല്ലാതാക്കുന്നു. അതിനാൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സ്വതന്ത്രമായി സെൽഫ് സ്റ്റാർട്ട് ചെയ്യാനും വാഹനം എടുക്കാനും കഴിയും
Discussion about this post