ന്യൂഡൽഹി: വ്യവസായ പ്രമുഖനും ടാറ്റ സൺസ് ചെയർമാനുമായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രമമന്ത്രിമാർ. രത്തൻ ടാറ്റയുടെ മരണത്തിലൂടെ ഒരു യുഗം ആണ് അവസാനിച്ചിരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഡോ.എസ് ജയ്ശങ്കർ, ഹർദീപ് സിംഗ് പുരി എന്നിവരാണ് രത്തൻ ടാറ്റയ്ക്ക് അനുശോചനം അറിയിച്ചത്.
രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അതീവ ദു:ഖമുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദീർഘദർശിയായ വ്യവസായ പ്രമുഖൻ, രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം, സർവ്വോപരി നല്ല മനുഷ്യൻ. വ്യവസായ മേഖലയ്ക്കും. സമൂഹത്തിനും നൽകിയ സംഭാവനകൾ പകരം വയ്ക്കാൻ കഴിയാത്തതാണ്. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രത്തൻ ടാറ്റയുടെ വിയോഗത്തെ യുഗാന്ത്യം എന്നായിരുന്നു കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ പറഞ്ഞത്. രത്തൻ ടാറ്റയുടെ അപ്രതീക്ഷിത വിയോഗം വലിയ ദു:ഖമുളവാക്കുന്നതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും പറഞ്ഞു.
ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു രത്തൻ ടാറ്റ അന്തരിച്ചത്. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോട് കൂടിയായിരുന്നു അന്ത്യം.
Discussion about this post