ന്യൂഡൽഹി: ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇലോൺ മസ്‌ക്. പുതിയ റോബോടാക്‌സി അവതരിപ്പിച്ചു. ഡ്രൈവറുടെ സഹായം വേണ്ടാത്ത ഈ കാറുകൾ അതിവേഗം തന്നെ നിരത്തുകൾ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലിഫോർണിയയിലെ ബർബങ്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ആണ് അദ്ദേഹം തന്റെ റോബോടാക്‌സി അവതരിപ്പിച്ചത്. സൈബർകാബ് എന്നാണ് ഈ വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ടാക്‌സിയുടെ മാതൃക ഉൾക്കൊള്ളുന്ന വാഹനത്തിൽ എത്തിയായിരുന്നു ഇലോൺ മസ്‌ക് നിർണായക പ്രഖ്യാപനം നടത്തിയത്. 2026 മുതൽ ഈ ടാക്‌സിയുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് 30,000 ഡോളറിന് താഴെ ആയിരിക്കും വില വരുകയെന്നും റിപ്പോർട്ടുകളുണ്ട്.
ഇലോൺ മസ്‌കിന്റെ റോബോടാക്‌സികളിൽ സ്റ്റയറിംഗ് ഉണ്ടാകില്ല. ബട്ടർഫ്‌ളൈ വിംഗ് ഡോറുകളാണ് റോബോടാക്‌സികളുടെ പ്രധാന ആകർഷണം. രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാൻ പാകത്തിലാണ് ഇതിന്റെ രൂപ കൽപ്പന. എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തും.
ടാക്‌സിയുടെ നിർമ്മാണത്തിനായി അധികൃതരിൽ നിന്നും പൂർണ അനുമതി ലഭിച്ചിട്ടില്ല. ഇതിന് ശേഷം വാഹനത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് ഇലോൺ മസ്‌കിന്റെ തീരുമാനം.
അതേസമയം 30,000 ഡോളറിൽ താഴെയാകും വാഹനത്തിന്റെ വില എന്ന് പറയുമ്പോഴും വിപണിയിൽ എത്തുമ്പോൾ വില വർദ്ധിക്കുമെന്നാണ് സൂചന.
Discussion about this post