എറണാകുളം: മമ്മൂട്ടിയെന്ന മഹാനടനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടൻ നന്ദു. ചുരുക്കം ചില സിനിമകളിൽ മാത്രമേ തനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിഷ്ണു എന്ന സിനിമയിൽ മമ്മൂട്ടിയിൽ നിന്നും ഉണ്ടായ അനുഭവം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു നന്ദു.
വിഷ്ണു എന്ന സിനിമയിൽ മമ്മൂട്ടിയെ തൂക്കി കൊല്ലുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് സംഭവം. തൂക്കിലേറ്റുന്നതിന് തലേദിവസം ഭക്ഷണം നൽകുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹതടവ് കാരനാണ് ഞാൻ. തടവിൽ കഴിയുന്ന ആളുകൾ തന്നെയാണ് പോലീസിന്റെ നിർദ്ദേശ പ്രകാരം വിഷ്ണുവിന് ഭക്ഷണം നൽകുക. ഇങ്ങനെ ഭക്ഷണം നൽകിയ ശേഷം അടുത്ത് ഇരുന്ന് കരയണം. അതാണ് സീൻ.
താൻ പൊതുവേ കോമഡി കഥാപാത്രങ്ങളാണ് അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ കരയാൻ അറിയില്ല. നല്ലൊരു വേഷം കിട്ടിയാൽ അല്ലെ സീരയസ് ആയിട്ട് അഭിനയിക്കാൻ കഴിയുകയുള്ളൂ. ഇതിൽ ഡയലോഗുണ്ട്. വിഷ്ണുവിനെ തൂക്കിക്കൊല്ലില്ല എന്ന് പറഞ്ഞ് കരയണം. കരച്ചിൽ വരാത്തതുകൊണ്ട് അവർ തനിക്ക് ഗ്ലിസറിൻ നൽകി. എന്നിട്ടും കരയാൻ കഴിയുന്നില്ല. ഇതെല്ലാം കണ്ട് മമ്മൂട്ടി അവിടെ ഇരിപ്പുണ്ട്. മമ്മൂട്ടി തന്റെ അടുത്തോട്ട് വന്ന് ഈ ഭാഗം ഞാനൊന്ന് ചെയ്ത് നോക്കട്ടെ എന്ന് പറഞ്ഞു. അദ്ദേഹം ആ ഭാഗം ഗ്ലിസറിൻ പോലും ഇല്ലാതെയാണ് കരഞ്ഞ് അഭിനയിച്ചത്. അത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. അസാദ്ധ്യ നടനാണ് മമ്മൂട്ടി. തനിക്കൊരിക്കലും ആ അനുഭവം മറക്കാൻ കഴിയില്ലെന്നും നന്ദു പറഞ്ഞു.
Discussion about this post