കൊച്ചി: ഇടയ്ക്ക് ഒന്ന് ആടിഉലഞ്ഞെങ്കിലും മലയാള സിനിമയുടെ സുവർണകാലത്തിനാണ് 2024 തുടക്കമിട്ടിരിക്കുന്നത്. ഉള്ളടക്കത്തിലും കളക്ഷനിലും ഒരുപോലെ നേട്ടം കൊയ്ത മലയാള സിനിമയ്ക്ക് അന്യഭാഷയിൽ നിന്നും കൈനിറയ പ്രേക്ഷകരെയും ലഭിച്ചു. 2024 ൽ ഇത് വരെ മലയാള സിനിമ 1550 കോടി രൂപയാണ് കൊയ്തത്. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതാകട്ടെ അഞ്ച് സിനിമകളും. 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമയുമുണ്ട്. സീനിയർ താരങ്ങളേക്കാൾ യുവതാരങ്ങളാണ് ഇത്തവണ മിന്നിത്തിളങ്ങിയത്.
ആഗോളതലത്തിൽ മഞ്ഞുമ്മൽ ബോയ്‌സ് 241 കോടി രൂപയോളമാണ് നേടിയത്. അജയന്റെ രണ്ടാം മോഷണം, പ്രേമലു,ആടുജീവിതവും ആവേശവുമാണ് 100 കോടി ക്ലബിലെത്തിയത്. ആടുജീവിതം 158.48 കോടിയും ഫഹദ് ചിത്രം ആവേശം ആഗോളതലത്തിൽ ആകെ 156 കോടിയും നേടി. 135.90 കോടിയാണ് പ്രേമലു നേടിയത് . അജയന്റെ രണ്ടാം മോഷണം 100 കോടി കവിഞ്ഞു. ഗുരുവായൂർ അമ്പലനടയിൽ ആഗോളതലത്തിൽ 90.20 കോടി രൂപ നേടി ആറാം സ്ഥാനത്തുള്ളപ്പോൾ വർഷങ്ങൾക്ക് ശേഷം ആകെ സ്വന്തമാക്കിയത് 83 കോടി രൂപയും 72.20 കോടി ടർബോയും കിഷ്‌കിന്ധാ കാണ്ഡം 72.42 കോടിയും ഭ്രമയുഗം 58.70 കോടിയും നേടി. ആദ്യ പത്തിൽ മോഹൻലാൽ ചിത്രമില്ല
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം വലിയ വിവാദങ്ങളാണ് മലയാള സിനിമാ മേഖലയിൽ ഉണ്ടാവുന്നത്. ഓരോ ദിവസവും തങ്ങൾ നേരിട്ട അതിക്രമങ്ങളുടെ വിവരങ്ങൾ തുറന്നു പറഞ്ഞ് നിരവധി അഭിനേത്രികളാണ് രംഗത്ത് എത്തുന്നത്.ഇത് സിനിമകളുടെ കളക്ഷനെ ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കിലും ജൈത്രയാത്ര തുടരുകയാണ് മലയാള സിനിമ.
Discussion about this post