തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലൈസൻസി കള്ളുഷാപ്പുകളുടെ എണ്ണമോ, എത്ര ലിറ്റർ കള്ള് വിൽക്കുന്നുവെന്നോ കണക്കില്ലെന്ന് സർക്കാർ. നിയമസഭയിൽ മാത്യുകുഴൽനാടൻ എംഎൽഎയുടെ ചോദ്യങ്ങൾക്കാണ് വിവരം ശേഖരിച്ചുവരുന്നുവെന്ന അഴകൊഴമ്പൻ മറുപടി.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പ് ലൈസൻസുകളുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക്, പ്രതിദിനം എത്ര ലിറ്റർ കള്ള് വിൽക്കുന്നു തുടങ്ങിയ ചോദ്യങ്ങൾക്കാണ് സർക്കാരിന് ഉത്തരംമുട്ടിയത്. വിവരം ശേഖരിച്ചുവരുന്നുവെന്നാണ് എക്‌സൈസ് മന്ത്രിയുടെ മറുപടി എത്ര തെങ്ങ്, പനയിൽ നിന്ന് കള്ള് ചെത്തുന്നതിന് അനുമതിയുണ്ട്?, എത്ര ലിറ്റർ കള്ളാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്? പുറത്ത് നിന്ന് കള്ളുകൊണ്ട് വന്ന് വിതരണം ചെയ്യുന്നുണ്ടോ? എങ്കിൽ എത്ര ലിറ്റർ തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല.
കള്ള് വിലപ്പനയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വർത്തയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ ചോദ്യങ്ങളുമായി എത്തിയത്. എന്നാൽ സർക്കാരിന്റെ മറുപടി നിരാശയിലവസാനിച്ചു.
ഈകഴിഞ്ഞ മാർച്ചിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട കള്ള് വ്യവസായ വികസന ബോർഡ് അഥവാ ടോഡി ബോർഡ് നിലവിൽ വന്നിരുന്നു. സംസ്ഥാനത്തെ കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച ടോഡി ബോർഡിന്റെ പ്രഥമ അദ്ധ്യക്ഷൻ യുപി ജോസഫ് ആണ്. ഭരണ സമിതിയിൽ 13 ഔദ്യോഗിക അംഗങ്ങളുണ്ട്. കള്ള് വ്യവസായത്തിന്റെ വിവിധ മേഖലയുമായി ബന്ധപ്പെട്ട ഏഴ് പേർ കൂടി ടോഡി ബോർഡിൽ അംഗങ്ങളായുണ്ട്. ലഹരിവസ്തു എന്ന നിലയിൽ കാണാതെ, പ്രകൃതിദത്തവും പോഷകപ്രദവുമായ പാനീയമായി കള്ളിനെ കണക്കാക്കി ഇതുമായി ബന്ധപ്പെട്ട വ്യവസായ, തൊഴിൽ മേഖലയെ സംരക്ഷിക്കുകയെന്ന കാഴ്ചപ്പാടിലാണ് ടോഡി ബോർഡ് രൂപീകരിച്ചിട്ടുള്ളത്.
Discussion about this post