തിരുവനന്തപുരം: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ എഴുത്തുനിരുത്തുന്നതിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായിരുന്നു.
പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുക. ക്ഷേത്രങ്ങൾക്ക് പുറമേ തുഞ്ചൻപറമ്പ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തുന്നുണ്ട്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഉണ്ട്.
മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്നും ഇത് തുടരും. ഇവിടെ പുലർച്ച മുതൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിന്റെ മടിയിൽ ഇരുന്ന് തളികയിൽ ചൂണ്ടുവിരൽ കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുക. ഹരിശ്രീ ഗണപതയെ നമ എന്ന് കുട്ടികൾ അരിമണികളിൽ എഴുതും. ഇതിന് ശേഷം നാവിൽ മധുരം വയ്ക്കും. ഇതോടെ എഴുത്തിനിരുത്ത് പൂർത്തിയായി. ഇതിന് ശേഷം കുട്ടികൾക്ക് എഴുത്തും വായനയും എല്ലാം ആരംഭിക്കാം.
Discussion about this post