ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
‘ഇന്ത്യക്ക് അഭിമാനമായ മകനും നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ചാമ്പ്യനുമായ രത്തൻ നേവൽ ടാറ്റയുടെ വേർപാടിൽ താനും ഇസ്രായേലിലുള്ളവരും ദുഃഖിതരാണ്. രത്തന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുക,’ നെതന്യാഹു കത്തിൽ കുറിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കൂടാതെ, നിരവധി ലോക നേതാക്കളും ആദരണീയനായ വ്യവസായ പ്രമുഖരിൽ ഒരാളായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
‘ഇന്ത്യയ്ക്കും ലോകത്തിനും നഷ്ടമായത് വലിയ ഹൃദയമുള്ള ഒരു പ്രതിഭാശാലിയെയാണ്. എന്നെ അംബാസഡറായി നാമനിർദ്ദേശം ചെയ്തപ്പോൾ, ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അഭിനന്ദനം രത്തൻ ടാറ്റയിൽ നിന്നായിരുന്നു. ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. രത്തൻ ടാറ്റയുടെ ദർശനപരമായ നേതൃപാടവം ഇന്ത്യയിലും ഫ്രാൻസിലും വ്യവസായങ്ങൾ ഉയർത്തുന്നതിന് സംഭാവന ചെയ്തു. ഫ്രാൻസിന് ഇന്ത്യയിൽ നിന്ന് ഒരു പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മാനവിക കാഴ്ചപ്പാടും അപാരമായ ജീവകാരുണ്യ നേട്ടങ്ങളും വിനയവും കൊണ്ട് അദ്ദേഹത്തിന്റെ പെതൃകം അടയാളപ്പെടുത്തും,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോട് കൂടിയായിരുന്നു അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമന്ത്രി , രാഷട്രപതി ദ്രൗപതി മുർമു , കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Discussion about this post