സമുദ്രത്തിലെ അത്ഭുത ജീവികളാണ് കോംബ് ജെല്ലികൾ. നൂലുപൊട്ടിയ ഹൈഡ്രജൻ ബലൂണുകൾ പറന്നു പൊങ്ങുന്നത് പോലെ സഞ്ചരിക്കുന്ന ഇവയെ കുറിച്ചുള്ള പുതിയ പഠനമാണ് ശാസ്ത്രലോകത്ത് കൗതുകമാകുന്നത്. കോബേ് ജെല്ലികൾക്ക് പരിക്ക് പറ്റിയാൽ രണ്ട് ജീവികൾ ചേർന്ന് ഒറ്റ ജീവിയായി മാറുമെന്നാണ് പുതിയ പഠനം പറയുന്നത്. എക്‌സിറ്റർ സർവകലാശാല, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ച്വറൽ സയൻസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. ലബോറട്ടറി സംവിധാനത്തിൽ വളരുന്ന കോംബ് ജെല്ലികളെ നിരീക്ഷിച്ചതിൽ നിന്നാണ് സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
അപൂർവ ജീവികളായ കോംബ് ജെല്ലികൾ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിലാണ് ജീവിക്കുന്നത്. കടലിന്റെ അടിത്തട്ടിന് രണ്ട് മീറ്റർ മുകളിൽ ജീവിക്കുന്ന ഇവയെ കണ്ടെത്താൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. കടൽജീവികളുടെ മുട്ടകളും ചെറുകക്കകളുമെല്ലാമാണ് ഇവയുടെ ആഹാരം.
ജന്തുപരിണാമത്തിൽ കോംബ് ജെല്ലികൾക്ക് പ്രത്യേകം സ്ഥാനമുണ്ട്. കടൽജീവികളിൽ നിന്നും മൃഗങ്ങളിലേക്കുള്ള പരിണാമത്തിന് തുടക്കം കുറിച്ചത് ഇവയാണെന്നാണ് ചില ഗവേഷകരുടെ പക്ഷം. ഈ വാദം ശരിയാണെങ്കിൽ, മനുഷ്യൻ ഉൾപ്പെടുന്ന ഭൂമിയിലെ മൃഗങ്ങളുടെയെല്ലാം പൂർവികരാണ് കോംബ് ജെല്ലികളെന്ന് പറയേണ്ടി വരും.
ഇപ്പോൾ കണ്ടെത്തിയ കോംബ് ജെല്ലിയുൾപ്പെടെ 150 തരം കോംബ് ജെല്ലികൾ സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. കടലിലൂടെ സഞ്ചരിക്കാൻ ഇവ ഉപയോഗിക്കുന്ന ചീർപ്പ് പോലുള്ള ഭാഗത്തിൽ നിന്നാണ് കോംബ് ജെല്ലി എന്ന പേര് വന്നത്. കാണുമ്പോഴും പേരിലും കടലിലെ തന്നെ ജെല്ലി ഫിഷുമായി സാമ്യമുണ്ടെങ്കിലും ഇവയുമായി കോംബ് ജെല്ലിക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ല.
Discussion about this post