തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ. പണം കൊടുത്ത സിഎംആര്‍എല്ലിന് ഇല്ലാത്ത പരാതി എന്തിനാണ് മോദിയുടെ പോലീസിന് എന്നായിരുന്നു കെ അനിൽകുമാർ പ്രതികരിച്ചത്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന നീക്കമാണ് ഇതെല്ലാം എന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അന്വേഷണം നടത്തുന്ന എസ്എഫ്ഐഒയെ ആരാണ് നിയന്ത്രിക്കുന്നത് എന്നെല്ലാം എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും വേണ്ടിയുള്ള നീക്കങ്ങളാണ് ഇതെല്ലാം എന്നും കെ അനിൽകുമാർ അഭിപ്രായപ്പെട്ടു.
വീണ വിജയനുമായി ബന്ധപ്പെട്ട കേസിൽ സിഎംആർഎൽ എവിടെയും പരാതിപ്പെട്ടിട്ടില്ല. അവർക്കില്ലാത്ത എന്ത് പരാതിയാണ് നിർമ്മലാ സീതാരാമന്റെയും മോദിയുടെയും പോലീസിന്റെയും പ്രശ്നം? സിഎംആർഎല്ലിന് ഇല്ലാത്ത പരാതി മോദിയുടെ പോലീസിനുണ്ട് എന്ന് പറഞ്ഞാൽ വീട്ടിൽ പോയി പറഞ്ഞാൽ മതി എന്നും കെ അനിൽകുമാർ പ്രതികരിച്ചു. മാസപ്പടി കേസ് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം വീണ വിജയന്റെ മൊഴിയെടുത്തു എന്ന വാർത്തയെ തുടർന്നാണ് കെ അനിൽകുമാറിന്റെ പ്രതികരണം.
Discussion about this post