ഒരിക്കലും തീരാത്ത അത്ര അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ഭൂമിയും ആകാശവുമെല്ലാം. ഇനിയും കണ്ടെത്താത്ത അത്രയും നിഗൂഡതകൾ നിറഞ്ഞവയാണ് അനന്തകോടി നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം. നമ്മുടെ ലോകത്തെ ശാസ്ത്രസാങ്കേതിക വിദ്യകൾ കൊണ്ട് ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇനിയും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുണ്ട് ബഹിരാകാശ ലോകത്ത്.
ഇതുപോലെ തന്നെ ഏറെ കൗതുകം നിറഞ്ഞ ഒന്നാണ് വ്യാഴത്തിലെ ഗ്രേറ്റ് റെഡ് സ്‌പോട്ട്( ജിആർഎസ്). ഇപ്പോഴിതാ വ്യാഴത്തിന്റെ ഗ്രേറ്റ് റെഡ് സ്‌പോട്ടിനെ കുറിച്ചുള്ള പുതിയ നിർണായകമായ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് നാസയുടെ ഹബിൾ സ്‌പേസ് ടെലിസ്‌കോപ്പ്. ഇതുവരെയും ശാസ്ത്രലോകം കരുതിയിരുന്നതു പോലെ, സ്ഥിരതയുള്ളതല്ല, വ്യാഴത്തിന്റെ ഗ്രേറ്റ് റെഡ് സ്‌പോട്ട് എന്നാണ് പുതിയ കണ്ടെത്തൽ.
90 ദിവസം നീണ്ടുനിന്ന നിരീക്ഷണകാലയളവിൽ ഗ്രേറ്റ് റെഡ് സ്‌പോട്ടിന്റെ അത്ഭുതകരമായ സവിശേഷതകളെയും സ്വഭാവത്തയും കുറിച്ചുള്ള വിവരങ്ങൾ ഹബിൾ ശേഖരിച്ചു. തൃക്കണ്ണിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രക്തവർണമുള്ള ഒരു കൊടുങ്കാറ്റാണ് ജിആർഎസ്. 150 വർഷത്തിലേറെയായി ഈ കൊടുങ്കാറ്റ് വ്യാഴത്തിൽ നിലനിൽക്കുന്ന ഈ ചുവന്ന പൊട്ട് ഭൂമിയെ വിഴുങ്ങാൻ കെൽപ്പുള്ള അത്രയും ഭീമാകാരമാണ്. എപ്പോൾ വേണമെങ്കിലും സൗരയൂധത്തെ ഒട്ടാകെ ബാധിക്കാവുന്ന ഒരു കൊടുങ്കാറ്റായി ജിആർഎസ് മാറാമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
2023 ഡിസംബറിനും 2024 മാർച്ചിനും ഇടയിലാണ് നാസയുടെ ഹബിൾ വ്യാഴത്തിന്റെ ഈ ഭീമൻ പൊട്ടിനെ കുറിച്ച് പഠനം നടത്തിയത്. നേരത്തെയുണ്ടായിരുന്ന അനുമാനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട്, ജിആർഎസിന്റെ വലിപ്പത്തിലും ആകൃതിയിലും അതിശയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹബിളിന്റെ തുടർച്ചയായ നിരീക്ഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജെലാറ്റിൻ പോലെയുള്ള ജിആർഎസിന്റെ ചാഞ്ചാട്ടം, അപ്രതീക്ഷിതമായി ഇതിന്റെ ആകൃതിയിൽ മാറ്റം വരുത്തിയെന്ന് ഹബിൾ കണ്ടെത്തിയിരിക്കുന്നു. വ്യാഴത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷവും ഇത് കൊടുങ്കാറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ മാറ്റങ്ങൾ മനസിലാക്കി തരുന്നു.
Discussion about this post