തിരുവനന്തപുരം; ശബരിമല സ്‌പോട്ട് ബുക്കിംഗ് വിഷയത്തിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെയും സിപിഐയുടെയും ശക്തമായ പ്രതിഷേധത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമാണ് ഈ പിൻവാങ്ങൽ.
ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്ക് ഇത്തവണത്തെ മണ്ഡലകാലത്ത് ദർശനം അനുവദിക്കില്ല എന്നതായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഭക്തരുടെയും സംഘടനകളുടെയും ഭാഗത്തുനിന്നുയർന്നത്. പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ വീണ്ടും നടന്ന അവലോകന യോഗത്തിലാണ് സ്പോട്ട് ബുക്കിങ് തുടരണമെന്ന് സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചത്.
Discussion about this post