എറണാകുളം: ബൈക്ക് യാത്രികനെ വാഹനമിടിച്ച് നിർത്താതെ പോയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് നടന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തത്. ഒപ്പം ലൈസൻസ് തിരിച്ചുകിട്ടണമെങ്കിൽ, റോഡ് സുരക്ഷാ ക്ലാസിന്റെ ഒരു ക്ലാസിൽ പങ്കെടുക്കണമെന്നും എംവിഡി നിർദേശിച്ചു.
മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ, ബൈക്കിൽ കാറിന്റെ മിറർ തട്ടുകയായിരുന്നുവെന്നാണ് ശ്രീനാഥ് ഭാസി നൽകിയ മൊഴി. ബൈക്കുകാരൻ വീണതുൾപ്പെടെയുള്ള കാര്യങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നും മൊഴി നൽകിയിരുന്നു. സെൻട്രൽ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എംവിഡിയുടെ നടപടി.
കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം ഇടിച്ചിട്ട് നിർത്താതെ പോയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
Discussion about this post