തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 2027 ഓടെ വികസിപ്പിച്ച് മുഖച്ഛായ മാറ്റുന്നതിനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്. വിമാനത്താവള വികസനത്തിനായി ഇപ്പോൾ 1300 കോടി രൂപയാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോജക്റ്റ് അനന്ത എന്നാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്രസമുച്ചയങ്ങളുടെ രൂപകല്പനയെ മാതൃകയാക്കി അതേ വാസ്തുവിദ്യ പ്രതിഫലിപ്പിക്കുന്ന പുതിയ ടെർമിനൽ, അതിനുള്ളിൽ ഹോട്ടൽ റെസ്‌റ്റോറന്റ്, അഡ്മിനിസ്‌ട്രേറ്റീസ് സ്‌പേയ്‌സുകൾ എന്നിവയും നിർമ്മിക്കും.
നിലവിൽ 45,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിൽ പ്രതിവർഷം 32 ലക്ഷം യാത്രക്കാരാണ് എത്തുന്നത്. ഇത് 165,000 ചതുരശ്രമീറ്ററായാണ് വികസിപ്പിക്കുന്നത്. ഇതോടെ പ്രതിവർഷം 120 ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിനാകും. 2027 ഓടെ ഈ സ്വപ്‌നപദ്ധതി പരിപൂർണതയിലെത്തും.ഒരു പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, ഒരു അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ്, റിമോട്ട് ചെക്ക്-ഇൻ ഓപ്ഷനുകൾ എന്നിവയും വികസനത്തിനൊപ്പം വിമാനത്താവളത്തിലെത്തുന്ന സൗകര്യങ്ങളാണ്. 2021 ഒക്ടോബറിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ്,വികസനം എന്നിവ അദാനിഗ്രൂപ്പ് ഏറ്റെടുത്തത്.
Discussion about this post