യാത്ര ചെയ്യാൻ ഇഷ്ടല്ലാത്തവരായി ആരുണ്ടല്ലേ.. പുതിയ സ്ഥലങ്ങൾ,ആളുകൾ,അനുഭവങ്ങൾ,രുചികൾ,ഓരോ യാത്രയും ഓരോരുത്തരെയും ആകർഷിക്കുന്നത് തന്നെ പലവിധമാണ. യാത്രകളിൽ നമ്മളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് താമസസൗകര്യമാണ്. സുരക്ഷിതമായതും വൃത്തിയുള്ളതുമായ താമസസൗകര്യം ലഭിക്കാനായി നല്ല പണം നൽകേണ്ടി വരും. പരീക്ഷകൾക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനായി ഏതെങ്കിലും ഒരിടത്തേക്ക് പോകുകയാണെങ്കിൽ കുറച്ച് സമയത്തേക്ക് ഒന്ന് താമസിക്കാനും റിലാക്‌സ് ചെയ്യാനും ഒരു റൂം വേണമെങ്കിൽ ദാ റെയിൽവേയുടെ സൗകര്യം ഉപയോഗിച്ചോളൂ.
ഇന്ത്യയിൽ റെയിൽവേയുടെ റിട്ടയറിംഗ് റൂമുകളാണ് കുറഞ്ഞ ചിലവിൽ സൗകര്യം ഒരുക്കുന്നത്. ട്രെയിൻ യാത്രക്കാർക്കായാണ് ഈ സൗകര്യം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നൽകുന്ന താമസസൗകര്യമാണ് റിട്ടയറിംഗ് റൂമുകൾ. ഇന്ത്യയിലുടനീളമുള്ള സ്റ്റേഷനുകളിലെല്ലാം മുറികൾ ലഭ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സിംഗിൾ മുറികൾ.ഡബിൾ മുറികൾ. ഇനി ഗ്രൂപ്പുകളായി പോവുകയാണെങ്കിൽ ഡോർമെറ്റി എസിയിലും നോൺ എസിയിലും ലഭ്യമാകും. അതായത് നമ്മുടെ ആവശ്യവും സൗകര്യവും എന്താണോ അതിന് അനുസരിച്ച് നമുക്ക് മുറികൾ തിരഞ്ഞെടുക്കാം.
കുറഞ്ഞത് ഒരു മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെയാണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാനാകുക.ഒരു റിട്ടയറിംഗ് റൂമിന് 24 മണിക്കൂർ വരെ 20/ രൂപയും ഡോർമിറ്ററി ബെഡിന് 10/ രൂപയും ആണ് നിരക്ക്. 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ നേരത്തേക്ക് ഒരു റിട്ടയറിംഗ് റൂമിന് 40/ രൂപയും ഡോർമിറ്ററി ബെഡിന് 20/ രൂപയും ഈടാക്കും. ഓരോ സ്‌റ്റേഷന് അനുസരിച്ചും തുകയുടെ കാര്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾ സംഭവിച്ചേക്കാം. നിരക്കുകളുടെ പൂർണ്ണമായ വിവരത്തിന് ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക.
ബുക്ക് ചെയ്തതിനെക്കാൾ കൂടുതൽ ദിവസം മുറിയിൽ താമസിക്കേണ്ടിവന്നാൽ(ലഭ്യമാണെങ്കിൽ) തുടർന്നുള്ള ദിവസങ്ങളിൽ 25 ശതമാനം അധികചാർജ് നൽകേണ്ടിവരും. റൂം ബുക്ക് ചെയ്യുന്നത് ഏത് മാർഗത്തിലാണോ( ഓൺലൈൻ/ഓഫ്‌ലൈൻ) ആ മാർഗത്തിലൂടെ മാത്രമേ ക്യാൻസലേഷനും സാധിക്കൂ എന്ന കാര്യം പ്രത്യേകം ഓർക്കുക. റൂം ബുക്ക് ചെയ്യുന്നതിന് ഉറപ്പായ ടിക്കറ്റ് നിർബന്ധമാണെന്ന കാര്യം പ്രത്യേകം ഓർക്കുക. ട്രെയിൻ ാത്രക്കാർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ബുക്കിങ് പരാജയപ്പെട്ടാൽ, 7-10 പ്രവൃത്തി ദിവസത്തിനുള്ളിൽ തുക തിരികെ നൽകും. ഒരു പിഎൻആർ നമ്പറിൽ ഒരു മുറി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ബോർഡിംഗ് സ്റ്റേഷനിൽ ഒരു ബുക്കിംഗും ഡെസ്റ്റിനേഷൻ സ്റ്റേഷനിൽ ഒരു ബുക്കിംഗും അനുവദനീയമാണ്. ട്രെയിൻ റദ്ദാക്കുകയാണെങ്കിൽ പണം തിരികെ ലഭിക്കും.
റിട്ടയറിങ് റൂം ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം.
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി റിട്ടയറിംഗ് റൂം ഓൺലൈൻ ബുക്കിംഗ് നടത്താം. ഇതിനായി സൈറ്റിലെ മെയിൻ മെനുവിൽ നിന്നും റിട്ടയറിംഗ് റൂം ഓപ്ഷൻ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ ഈ നേരിട്ടുള്ള ലിങ്ക് വഴി പ്രവേശിക്കുകയോ ചെയ്യാം.
https://www.rr.irctctourism.com/#/accommodation/in/ACBooklogin
തുടർന്ന് നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് പിഎൻആർ നമ്പർ കൊടുത്ത ശേഷം സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്യണം.
പിന്നീട് നിങ്ങൾക്ക് എവിടെയാണ് റിട്ടയറിങ് റൂം വേണ്ടത് എന്നു തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ ആണ്. നിങ്ങൾ യാത്ര ആരംഭിക്കുന്ന സോഴ്‌സ് സ്റ്റേഷനിലോ അല്ലെങ്കിൽ യാത്ര അവസാനിപ്പിക്കുന്ന ഡെസ്റ്റിനേഷൻ സ്റ്റേഷനോ ഇതിനായി തിരഞ്ഞെടുക്കാം.
തുടർന്ന് നിങ്ങൾക്ക് ചെക്ക് ഇൻ/ ചെക്ക് ഔട്ട് തിയതി തിരഞ്ഞെടുക്കാം. ബെഡ് ടൈപ്പ്, റൂം ടൈപ്പ് (എസി/ നോൺ എസി)എന്നിവയും തിരഞ്ഞെടുക്കണം. ലഭ്യത അനുസരിച്ച് റൂം നമ്പർ, സ്ലോട്ട് ഡ്യൂറേഷൻ, എന്നിവയും തിരിച്ചറിയൽ രേഖയുടെ വിശദാംശങ്ങളും നൽകി പണമടച്ച് റൂം ബുക്ക് ചെയ്യാം.
ബുക്ക് ചെയ്ത റിട്ടയറിംഗ് റൂം റദ്ദാക്കാനും സാധിക്കും. യാത്രക്കാർ ചെക്ക്ഇൻ തീയതിക്ക് 2 ദിവസം മുൻപ് ബുക്കിംഗ് റദ്ദാക്കിയാൽ ബുക്കിംഗ് തുകയിൽ നിന്ന് 20 ശതമാനം കുറച്ച് ബാക്കി അനുവദിക്കും.
Discussion about this post