ന്യൂഡൽഹി; പഞ്ചാബിൽ ശൗര്യചക്ര ജേതാവായ ബൽവീന്ദർ സിംഗ് സന്ധുവിന്റെ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബേഷൻ ഫോഴ്‌സിന്റെ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗങ്ങളാണെന്ന ഗുരുതര ആരോപണവുമായി എൻഐഎ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലഞ്ഞ സാഹചര്യത്തിലാണ് എൻഐഎയുടെ ഈ വെളിപ്പെടുത്തൽ.
സുപ്രീം കോടതിയിൽ സമർപ്പിച്ച 111 പേജുള്ള സത്യവാങ്മൂലത്തിലാണ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സണ്ണി ടൊറന്റോ എന്ന സുഖ്മീത് പാൽ സിങ്, റോഡ് എന്ന് വിളിക്കപ്പെടുന്ന ലഖ്വീർ സിങ് എന്നിവരാണ് കുറ്റകൃത്യം ചെയ്യാൻ തങ്ങളെ ചുമതലപ്പെടുത്തിയതെന്ന് കേസിൽ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് പ്രവർത്തകനാണ് സുഖ്മീത് പാൽ സിങ്. ഖലിസ്ഥാൻ വിഘടനവാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനന്തരവൻ ആണ് ലഖ്വീർ സിങ്. ഇവർ രണ്ടുപേരും നിലവിൽ ഒളിവിലാണ്.
2020 ഒക്ടോബറിലാണ് വീടിന് പുറത്ത് വച്ച് ബൽവീന്ദർ സിംഗ് സന്ധു വെടിയേറ്റ് വച്ചത്.1990 കളിൽ പഞ്ചാബിൽ തീവ്രവാദത്തിനെതിരെ പോരാടിയതിന് ഇദ്ദേഹത്തെ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. അദ്ധ്യാപകനായിരുന്നു ഇദ്ദേഹം.
സായുധ പോരാട്ടത്തിലൂടെ ഖാലിസ്ഥാൻ സ്ഥാപിക്കുകയാണ് ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ പ്രധാന ലക്ഷ്യമെന്ന് എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പഞ്ചാബിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് കെഎൽഎഫ് നേതൃത്വം കരുതുന്നുവെന്നും എൻഐഎ പറയുന്നു
Discussion about this post