ന്യൂഡൽഹി : ബിഎസ്എൻഎൽ 4 ജി കൃത്യസമയത്ത് തന്നെ എത്തുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസ്. 4 ജി സേവനം വൈകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ടിസിഎസ് പ്രഖ്യാപനവുമായി രംഗത്ത് വന്നത്. ടാറ്റ കൺസൾട്ടൻസ് സർവീസ് ഉൾപ്പെടുന്ന കൺസോഷ്യമാണ് ബിഎസ്എൻഎല്ലിൻറെ 4ജി നെറ്റ്‌വർക്ക് വ്യാപനം നടത്തുന്നത്.
24 മാസത്തിനുള്ളിലാണ് 4ജി വ്യാപനം പൂർത്തിയാക്കേണ്ടത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കരാർ ലഭിച്ചത്. അതുകൊണ്ട് തന്നെ കൃത്യ സമയത്ത് 4 ജി സേവനം നൽകാനാണ് ഞങ്ങളുടെ ലക്ഷ്യം. ദിവസവും 500 സെറ്റുകളുടെ പണിയാണ് പുരോഗമിക്കുന്നത്. 38,000 4ജി സെറ്റുകൾ ഇതിനകം പണി പൂർത്തിയായി. 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് ടിസിഎസിൻറെ ഉപദേഷ്ടാവായ എൻ ഗണപതി സുബ്രമണ്യൻ വ്യക്തമാക്കി.
തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഒരുക്കുന്നത്. പലർക്കും നെറ്റ് വർക്ക് ലഭിക്കുന്നില്ലന്നുള്ള പരാതി ഉയരുന്നുണ്ട് നെറ്റ് കിട്ടാത്തത് താൽക്കാലിക പ്രശ്‌നം മാത്രമാണ്. 4ജി നെറ്റ്വർക്കിലേക്കുള്ള അപ്ഗ്രേഡിംഗ് നടക്കുന്നതിനാലാണ് പലയിടങ്ങളിലും ബിഎസ്എൻഎൽ നെറ്റ്വർക്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post