വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എംപിയായ രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ആണെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയെ നേരിടാൻ വയനാട്ടിൽ സിപിഐ വനിതാ സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സത്യൻ മൊകേരിയുടെ പേര് നിർദ്ദേശിക്കപ്പെടുകയായിരുന്നു. മുതിർന്ന സിപിഐ നേതാവായ സത്യൻ മൊകേരി നേരത്തെ വയനാട്ടിൽ മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
സത്യൻ മൊകേരിക്ക് വയനാട് മണ്ഡലത്തിൽ ഉള്ള പ്രവർത്തന പരിചയവും ബന്ധങ്ങളും തിരഞ്ഞെടുപ്പിൽ നേട്ടം ആകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടിരുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗവും കേരള നിയമസഭയിൽ മൂന്നുതവണ എംഎൽഎയും ആയിരുന്നു സത്യൻ മൊകേരി.
വയനാട് ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരിയുടെയും ഇഎസ് ബിജിമോളുടെയും പേരുകൾ ആയിരുന്നു ആദ്യഘട്ടത്തിൽ തന്നെ ഉയർന്നിരുന്നത്. പ്രിയങ്ക ഗാന്ധിക്കെതിരായി വനിതാ സ്ഥാനാർത്ഥിയെന്ന നിലയിൽ ഇ എസ് ബിജിമോളെ പരിഗണിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സത്യൻ മൊകേരിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു.
Discussion about this post