ന്യൂഡൽഹി : കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജസ്റ്റിൻ ട്രൂഡോ അനാവശ്യമായി ഗർവ്വ് കാണിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കുറ്റപ്പെടുത്തി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ നാശത്തിൽ എല്ലാ ഉത്തരവാദിത്വവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ആണ് എന്നും രൺധീർ ജയ്‌സ്വാൾ വിമർശിച്ചു.
2023 ജൂണിൽ വാൻകൂവറിൽ വെച്ച് കൊല്ലപ്പെട്ട കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് ഇന്ത്യ-കാനഡ ബന്ധം തീർത്തും വഷളായത്. ഇന്ത്യ ഒരു ഭയങ്കര തെറ്റ് ചെയ്തുവെന്നാണ് കഴിഞ്ഞദിവസം ജസ്റ്റിൻ ട്രൂഡോ ഈ വിഷയത്തിൽ ആരോപിച്ചിരുന്നത്. സ്വതന്ത്ര ഖാലിസ്ഥാനി രാഷ്ട്രത്തിനായി വാദിക്കുന്ന കാനഡയിലെ സിഖ് വിമതരെ ആസൂത്രിതമായി ലക്ഷ്യം വയ്ക്കാനുള്ള ഇന്ത്യൻ ഓപ്പറേഷൻ്റെ ഭാഗമാണ് നിജ്ജാറിൻ്റെ കൊലപാതകമെന്നും ട്രൂഡോ ആരോപിച്ചു. ഇതിനുള്ള തെളിവുകൾ ഇന്ത്യയ്ക്ക് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നുമുള്ള ജസ്റ്റിൻ ട്രൂഡ്രോയുടെ ആരോപണങ്ങളാണ് ഇന്ത്യൻ സർക്കാർ കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കുന്നതിലേക്കും കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്കും നയിച്ചത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഘടനവാദികളെ ഇന്ത്യൻ ഏജൻ്റുമാർ ലക്ഷ്യം വയ്ക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കാൻ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോ നടത്തുന്ന ആഭാസകരമായ ആരോപണങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള തന്ത്രമാണ് എന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
Discussion about this post