തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ട പി സരിനെ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് എ.കെ ബാലൻ. പാലക്കാട് മാദ്ധ്യമ പ്രവർത്തകരോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ തങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിട്ടുണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അതിന്റേതായ രീതിയുണ്ട്. ഔപചാരിക പ്രഖ്യാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം. ഗോവിനന്ദൻ നടത്തും. സ്ഥാനാർത്ഥിയെ കുറിച്ച് ആദ്യം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കും. ഇതെല്ലാം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ പാർട്ടിയുടെ സ്ഥാനാർത്ഥി ആക്കിയിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം നോക്കിയാകും സ്ഥാനാർത്ഥി പ്രഖ്യാപനം എന്നും എ.കെ ബാലൻ വ്യക്തമാക്കി.
രഹസ്യങ്ങളുടെ കാവൽ ഭടനാണ് സരിൻ. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവതരമാണ്. ഇതേക്കുറിച്ച് രാഷ്ട്രീയ കേരളം ചർച്ച ചെയ്യണം. വരും ദിവസങ്ങളിൽ അദ്ദേഹം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും. ഈ തിരഞ്ഞെടുപ്പിൽ സരിന്റെ വാക്കുകൾ ആയിരിക്കും പ്രധാന ചർച്ചാ വിഷയം. വടകരയിലെ ഡീലിനെക്കുറിച്ച് തനിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post