തിരുവനന്തപുരം: ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയിൽ സ്ഥാപനത്തിന് ഉണ്ടായത്. ഇതോടെ 150 രൂപ എന്ന നിലയിൽ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതിൽ ഏറ്റവും മോശമായ പ്രകടനം ആയിരുന്നു സ്ഥാപനത്തിന്റേത്.
മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനം ആയ ആശിർവാദ് മൈക്രോഫിനാൻസ് ആണ് നിലവിലെ തിരിച്ചടിയിലേക്ക് സ്ഥാപനത്തെ നയിച്ചത്. അടുത്തിടെ ആശിർവാദിനെതിരെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നു. ഇതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. റിസർവ്വ് ബാങ്കിന്റെ നിരീക്ഷണത്തിൽ അടുത്തിടെ ആശിർവാദിന്റെ മെറ്റീരിയൽ സൂപ്പർവൈസറി പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ആശിർവാദിന്റെ ലോണുകളുടെ അനുമതിയും വിതരണവും നിർത്താൻ ആർബിഐ ആവശ്യപ്പെടുകയായിരുന്നു. ആശിർവാദിന് പുറമേ ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മണപ്പുറം ഫിനാൻസിന്റെ മൈക്രോലെൻഡിംഗ് വിഭാഗമാണ് ആശിർവാദ് മൈക്രോ ഫിനാൻസ്. നിലവിലെ സാമ്പത്തിക വർഷത്തിൽ 27 ശതമാനം വരുമാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ആശിർവാദ് മൈക്രോഫിനാൻസ് ആയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.32 ശതമാനം ഇടിവാണ് മണപ്പുറം ഫിനാൻസ് നേരിട്ടിരിക്കുന്നത്.
Discussion about this post