ജെറുസലേം: ഹമാസ് ആയുധംവച്ച് കീഴടങ്ങുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ വിട്ടയച്ചാൽ അടുത്ത ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകര നേതാവ് യഹിയ സിൻവാറിനെ വധിച്ചതായുള്ള ഹമാസിന്റെ സ്ഥിരീകരണത്തിന് പിന്നാലെയായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.
യഹിയ സിൻവാർ കൊല്ലപ്പെട്ടിരിക്കുന്നു. ഇസ്രായേൽ സൈന്യത്തിലെ ധീര സൈനികർ റഫയിൽ നടത്തിയ ആക്രമണത്തിൽ യഹിയയെ വധിട്ടിരിക്കുന്നു. എന്നാൽ ഗാസയിലെ യുദ്ധത്തിന്റെ അവസാനം ഇതല്ല. ഇത് അവസാനത്തിന്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങൾക്ക് ചെറിയ സന്ദേശം ആണ് ഈ വേളയിൽ പറയാനുള്ളത്. നാളെയെങ്കിൽ നാളെ യുദ്ധം അവസാനിപ്പിക്കാം. അങ്ങിനെ അവസാനിപ്പിക്കണം എങ്കിൽ ഹമാസ് ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ തിരികെ അയക്കുകയും വേണം- ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
യഹിയ സിൻവാറിന്റെ മരണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ തിരികെ അയക്കില്ലെന്ന് ഭീകര സംഘടന വ്യക്തമാക്കിയിരുന്നു. ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുകയും ബന്ദികളാക്കിയ ഭീകരരെ വിട്ടയക്കുകയും ചെയ്യണം എന്നാണ് ഹമാസിന്റെ ആവശ്യം ഇതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു നിലപാട് ആവർത്തിച്ച് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസമാണ് വ്യോമാക്രമണത്തിലൂടെ യഹിയയെ ഇസ്രായേൽ സേന വധിച്ചത്. നിലവിലെ സംഘർഷങ്ങൾക്ക് കാരണം ആയ പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത് യഹിയ ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1200 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ യഹിയ ആയിരുന്നു. ഇസ്രായേൽ വധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഹമാസ് ഭീകര നേതാക്കളിൽ അവശേഷിച്ച ആളായിരുന്നു യഹിയ.
Discussion about this post