തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നേരത്തെയെടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി നടൻ സലിം കുമാർ. തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത് എന്ന് സലിം കുമാർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സലിം കുമാർ.
ദിലീപ് ചെയ്ത കാര്യങ്ങൾ ശരിയാണെന്ന് പൂർണമായി പറയുന്നില്ല. നമ്മളോ മാദ്ധ്യമങ്ങളോ അല്ല, മറിച്ച് കോടതിയാണ് അയാൾ തെറ്റ്കാരനാണോ എന്ന് വിധിയ്‌ക്കേണ്ടത് എന്നായിരുന്നു അന്ന് താൻ പറഞ്ഞത്. എന്നാൽ അതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. അതിൽ പ്രശ്‌നമില്ല. അതേ നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.
ആരെയും വിധിയ്ക്കാൻ നമ്മൾ ആരും അല്ല. ചിലപ്പോൾ അയാൾ തെറ്റുകാരൻ അല്ലെങ്കിലോ?. കോടതിയുടെ പരിഗണനയിൽ ഉള്ള ഒരു കാര്യം ആണ്. അതുകൊണ്ട് തന്നെ വിധിനിർണയങ്ങൾ നടത്താതെ കോടതി നടപടികളെ മാനിക്കുകയാണ് വേണ്ടത്. നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്യുകയായിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു.
ഇതേക്കുറിച്ച് ആലോചിച്ചപ്പോൾ ദിലീപ് അങ്ങിനെയൊന്നും ചെയ്യില്ലെന്ന് തോന്നി. അദ്ദേഹം തെറ്റുകാരൻ അല്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അതെന്റെ വിശ്വാസം ആണ്. അത് ചിലപ്പോൾ ശരിയാകാം, തെറ്റാകാം. എന്താണെങ്കിലും കോടതി പറയട്ടെ. ദിലീപിനെതിരെ ലോബി ഉണ്ടോ ഇല്ലയോ എന്നത് അറിയില്ലെന്നും സലിം കുമാർ വ്യക്തമാക്കി.
Discussion about this post