പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ രംഗത്ത്. നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് ബാലകൃഷ്ണൻ പറയുന്നു. പരാതിയിലെ ഒപ്പിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ, നവീനെതിരെ വന്ന പരാതി വ്യാജമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. നവീനെതിരെ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പ് നവീൻ നാട്ടിൽ വന്നിരുന്നു. അന്ന് അദ്ദേഹം സംസാരിച്ചതിൽ നിന്നും ജോലി സമ്മർദ്ദം നേരിടുന്നതായി മനസിലായിട്ടുണ്ട്. വലിയ ബുദ്ധിമുട്ടാണ്. എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി നാട്ടിൽ വരണം എന്നെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. ട്രാൻസ്ഫർ വാങ്ങി വരണമല്ലോ എന്ന് കരുതിയാണ് ആരോടും മറുത്ത് പറയാതെ ഇരിക്കുന്നതെന്നും നവീൻ പറഞ്ഞിരുന്നു. നിയമം വിട്ട് പല കാര്യങ്ങളും ചെയ്യാൻ നവീനെ ബുദ്ധിമുട്ടിച്ചിരുന്നതായി നവീനോടു സംസാരിച്ചപ്പോൾ മനസിലായിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭയവും അദ്ദേഹത്തിനുണ്ടായിരുന്നുെവന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
ഔദ്യോഗിക തലത്തിൽ പല പ്രശ്‌നങ്ങളും നേരിട്ടിരുന്നതായി ട്രാൻസ്ഫറിന് തടസം വന്ന സമയത്ത് നവീൻ പറഞ്ഞിരുന്നു. ട്രാൻസ്ഫർ വെകിക്കുന്നതിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. സമാന സമയത്ത് സ്ഥലം മാറ്റം കിട്ടിയവർക്കെല്ലാം തിരികെ നാട്ടിലേക്ക് കിട്ടിയിട്ടും നവീന് കിട്ടിയിരുന്നില്ല. ജില്ലാ സെക്രട്ടറിയോട് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ മികച്ച ഉദ്യോഗസ്ഥനാണ് അതുകൊണ്ടാണ് ട്രാൻസ്ഫർ വൈകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രയയപ്പിൽ നടന്ന അപമാനത്തെ കുറിച്ച് നവീൻ ഭാര്യയോട് സംസാരിച്ചിരുന്നതായും ബാലകൃഷ്ണൻ പറഞ്ഞു. കളക്ടർ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളിൽ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് നൽകിയാൽ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നൽകും. നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഡാലോചനയിൽ കളക്ടർക്ക് പങ്കുണ്ട്. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങൾക്ക് വേണ്ടെന്നും ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ദിവ്യ സംസാരിച്ചതിനേ തിരുത്താനോ പിന്നീട് നവീൻ ബാബുവിനെ ആശ്വസിപ്പിക്കാനോ കളക്ടർ ശ്രമിച്ചില്ല. ഇതും നവീനിനെ വിഷമിപ്പിച്ചിട്ടുണ്ട്. മരണത്തിന് ശേഷം നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്ന് കളക്ടർ പറഞ്ഞു. എന്നാൽ യാത്രയയപ്പ് ചടങ്ങിലെ സംഭവങ്ങൾക്ക് ശേഷം ഒരു ആശ്വാസ വാക്ക് പറയാൻ കളക്ടർ അരുൺ കെ വിജയൻ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post