കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ സീരിയൽ നടി ഷംനത്ത് കഴിഞ്ഞ മൂന്ന് മാസമായി ലഹരിമരുന്നിന് അടിമയെന്ന് പോലീസ്. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് എന്ന പാർവതിയാണ് (36) പിടിയിലായത്. വിതരണക്കാരനിൽ നിന്നും എംഡിഎംഎ വാങ്ങി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഷംനത്ത് പോലീസിന്റെ പിടിയിലായത്. കടക്കൽ സ്വദേശി നവാസ് ആണ് യുവതിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നത്.
തനിക്ക് ഉപയോഗിക്കുന്നതിന് ലഹരിമരുന്ന് വാങ്ങാനായി ഷംനത്ത് പോവുന്നത് സംബന്ധിച്ച് പരവൂർ ഇൻസ്പെക്ടർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1.94 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആറ് കവറുകളിലായി മുറിയിലെ മേശയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ഭർത്താവിനും മക്കൾക്കുമൊപ്പമാണ് നടി താമസിച്ചിരുന്നത്. പോലീസ് എത്തുമ്പോൾ ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നവാസിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ലഹരിമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു
Discussion about this post