ഹോളിവുഡ്: ജീവനോടെ ഇരിക്കുന്നവർ തന്നെ വളരെ കഷ്ടപ്പെട്ടാണ് കാശുണ്ടാക്കുന്നത്. അപ്പൊ പിന്നെ മരിച്ചവരുടെ കാര്യം പറയാനുണ്ടോ. ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കിൽ മാറ്റി ചിന്തിക്കാൻ സമയമായി എന്നാണ് ഹോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ജീവിച്ചിരിക്കുന്ന പലരേക്കാളും പണം ഉണ്ടാക്കുന്നത് മരണപെട്ടവരാണ് എന്നാണ് ഹോളിവുഡ് പറയുന്നത്.
വർഷങ്ങൾക്ക് മുമ്പ് അന്തരിച്ചെങ്കിലും, വിനോദ വ്യവസായത്തിലെ കുറച്ച് പേർ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുന്നത് തുടരുകയാണ്. സംഗീത വ്യവസായത്തിലെ ഏറ്റവും വലിയ പേരായി തുടരുന്ന പോപ്പ് രാജകുമാരൻ മൈക്കൽ ജാക്‌സണാണ് ഈ പട്ടികയിൽ ഒന്നാമത്.
അടുത്തിടെ, ഫോബ്‌സ് “2023 ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മരിച്ച സെലിബ്രിറ്റികൾ” എന്ന തലക്കെട്ടിൽ ഒരു ലിസ്റ്റ് പുറത്തിറക്കി,മരണപ്പെട്ട താരങ്ങൾ ഒരു വർഷം എത്രമാത്രം സമ്പാദിച്ചുവെന്നാണ് ഈ ലിസ്റ്റ് വെളിപ്പെടുത്തിയത്. തൻ്റെ കരിയറിന്റെ അവസാനത്തിൽ താരപദവിയെ പ്രതികൂലമായി ബാധിച്ച പല വിവാദങ്ങൾ ഉണ്ടായെങ്കിലും, മൈക്കൽ ജാക്സൻ്റെ പേര് ഇന്നും അദ്ദേഹത്തിൻ്റെ ആരാധകർക്കിടയിൽ തിളങ്ങിനിൽക്കുകയാണ്.
മരണപെട്ടതിനു ശേഷവും, അദ്ദേഹം ഒരു ശക്തനായ വ്യക്തിയായി തുടരുകയാണ് എന്നാണ് ഫോർബ്‌സ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം റോയൽറ്റിയിലൂടെ മാത്രം അദ്ദേഹം സമ്പാദിച്ചത് 115 ദശലക്ഷം ഡോളറാണ് എന്നാണ് കണക്ക്. ഫോർബ്‌സ് പുറത്ത് വിട്ട കണക്ക് പ്രകാരം 2009-ൽ അദ്ദേഹം മരിച്ചതിനുശേഷം, അദ്ദേഹത്തിൻ്റെ മൊത്തം വരുമാനം 2.7 ബില്യൺ ഡോളറിലെത്തി. ഇന്ത്യൻ രൂപയിലാണെങ്കിൽ 20,000 കോടി രൂപയോളം വരുമിത്.
മൈക്കൽ ജാക്‌സൻ്റെ സ്വത്ത് അദ്ദേഹത്തിൻ്റെ മൂന്ന് മക്കളായ പ്രിൻസ്, പാരീസ്, ബ്ലാങ്കറ്റ്, അമ്മ കാതറിൻ ജാക്‌സൺ എന്നിവർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.
Discussion about this post