ന്യൂഡൽഹി: പരാതി നൽകാൻ കാലതാമസം ഉണ്ടായി എന്നത് പ്രതിയ്ക്ക് പരിരക്ഷ നൽകുന്നതിനുള്ള കാരണമല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അതിക്രമണം നടന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പരാതി നൽകുകയും ഇതിന്മേൽ കേസ് എടുക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ പീഡന കേസ് ഉദ്ദരിച്ചുകൊണ്ടായിരുന്നു സർക്കാരിന്റെ പരാമർശം. സ്ത്രീപീഡന കേസുകളിൽ പരാതി നൽകാൻ വൈകുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെയുണ്ട്. ഡ്രംപിനെതിരെ പീഡന പരാതിയിൽ കേസ് എടുക്കുന്നതും 21 വർഷങ്ങൾക്ക് ശേഷമാണെന്നും സർക്കാർ വ്യക്തമാക്കി.
1996 ൽ ആണ് ട്രംപ് പ്രതിയായ പീഡനം ഉണ്ടാകുന്നത്. എന്നാൽ പോലീസിൽ ഇര പരാതി നൽകുന്നത് 2017 ൽ ആണ്.
കൂടാതെ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്‌റ്റെയിനെതിരെയുള്ള കേസും ഇതിലുണ്ട്. വൈകി പരാതി നൽകിയെന്നത് കൊണ്ടുമാത്രം കേസ് തള്ളിക്കളയാൻ കഴിയില്ല. ഇക്കാര്യം സുപ്രീംകോടതി നിരീക്ഷിച്ചുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ നടി പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇത് കണക്കിലെടുത്തായിരുന്നു സർക്കാരിന്റെ പരാമർശം. 2016 ജനുവരി 28 നായിരുന്നു നടിയെ പീഡിപ്പിച്ചത്. എന്നാൽ എട്ട് വർഷങ്ങൾക്കിപ്പുറം 2024 ൽ ആയിരുന്നു നടി പോലീസിൽ പരാതിപ്പെട്ടത്.
Discussion about this post