നാടോടുമ്പോൾ നടുവെ ഓടണം എന്ന ചിന്തയിൽ മുൻപന്തിയിലാണ് മലയാളികൾ. പുതിയ രീതികൾ എവിടെ എന്ത് കണ്ടാലും അതെല്ലാം ഒന്ന് പരീക്ഷിച്ചു നോക്കാൻ മലയാളികൾക്ക് എന്നും താത്പര്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലയാളികളുടെ ഷോപ്പിംഗ് സംസ്‌കാരം.
കാലം മുന്നോട്ട് പോവും തോറും മലയാളികളുടെ ഷോപ്പിംഗ് സംസ്‌കാരത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പണ്ട് കാലത്ത് വീട്ടിലേക്കുള്ള നിത്യോപയോക സാധനങ്ങൾ വാങ്ങാനായി ചന്തകളെയായിരുന്നു മലയാളികൾ ആശ്രയിച്ചിരുന്നത്. പിന്നീട് സൂപ്പർമാർക്കറ്റുകളുടെ വരവോടെ ഈ രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആദ്യകാലങ്ങളിൽ നഗരങ്ങളിൽ മാത്രം കണ്ടിരുന്ന സൂപ്പർമാർക്കറ്റുകൾ ഇപ്പോൾ ഗ്രാമങ്ങളിൽ പോലും കൂൺ പോലെ മുളച്ചുപൊന്തി തുടങ്ങി. എന്നാൽ, മലയാളികൾ ഏറ്റവുമധികം ആശ്രയിച്ചിരുന്ന സൂപ്പർ മാർക്കറ്റുകളുടെ നിലനിൽപ്പും അവതാളത്തിലായിക്കഴിഞ്ഞു.
വൻകിട മാളുകളും ഓൺലൈൻ ഷോപ്പിംഗുകളുമാണ് സൂപ്പർ മാർക്കറ്റുകളുടെ ഈ അവസ്ഥക്ക് കാരണമായത്. ആദ്യകാലത്ത് വൻകിട മാളുകളിൽ മാത്രമുണ്ടായിരുന്ന മാളുകൾ ഇപ്പോൾ ഗ്രാമീണ മേഖലകളെ പോലും കയ്യടക്കി കഴിഞ്ഞു. വൻകിട മാളുകളും മിനി മാളുകളുമെല്ലം കേരളത്തിന്റെ പല മേഖലകളിലായി വേരുറപ്പിച്ചുകഴിഞ്ഞു.
മാളുകൾ അവതരിപ്പിച്ച ‘ഓഹ അണ്ടർ വൺ റൂഫ്’ കൺസപ്റ്റ് മലയാളികൾക്ക് ശീലമായിക്കഴിഞ്ഞു. ഇതോടെ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വാങ്ങാനും ഭക്ഷണം കഴിക്കാനും സിനിമ കാണാനും ബ്യൂട്ടി പാർലറിൽ പോവാനും മാൾ മാത്രം മതിയെന്ന ചിന്തയിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. സാധനങ്ങൾ വാങ്ങാൻ ഇനി കടകൾ തോറും കയറിയിറങ്ങേണ്ട ആവശ്യം ഇനി മലയാളികൾക്ക് ഇല്ല. മാളുകൾ ഇപ്പോൾ മലയാളികളുടെ ജീവിതരീതിയുടെ ഭാഗമായി മാറിക്കഴിഞ്ഞു.
ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിൽ പോലും മാളുകൾ സാന്നിധ്യം ഉറപ്പിച്ചതോടെ, പ്രദേശിക സൂപ്പർമാർക്കറ്റ് ഉടമകൾ വെട്ടിലായിരിക്കുകയാണ്. സൂപ്പർമാറക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതിനോടെപ്പം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ വൻതോതിലുള്ള ഉയർച്ചയും സൂപ്പർമാർക്കറ്റുകളെ ഫീൽഡ് ഔട്ട് ആക്കാൻ കാരണമായി.
ഇന്നത്തെ കാലത്ത് ചെറു ഗ്രാമങ്ങളിൽ പോലും ഓൺലൈൻ ഡെലിവറി ലഭ്യമാണ്. കേരളത്തിലെ ഓൺലൈൻ വ്യാപാരം 2014ൽ ഒരു ശതമാനത്തിൽ താഴെയായിരുന്നത് ഇപ്പോൾ 25 ശതമാനത്തിന് മുകളിലാണ്. ഈ ട്രൻഡ് തുടർന്നാൽ ഇനി പതിയെ സൂപ്പർമാർക്കറ്റുകളെല്ലാം കേരളത്തിൽ നിന്നും അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്.
Discussion about this post