ന്യൂഡൽഹി: ഈ ദീപാവലിയ്ക്ക് ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി ബിഎസ്എൻഎൽ. ലോഗോയിൽ മറ്റം വരുത്തി. ഇതിന് പുറമേ സ്പാം കോളുകൾ തടയുന്നതിനുള്ള സേവനവും ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്നുണ്ട്. 3 ജിയിൽ നിന്നും 4 ജി 5 ജി നെറ്റ്‌വർക്ക് സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. ഇതിനിടെയാണ് പുതിയ മാറ്റങ്ങൾ.
വിശ്വാസം, ശക്തി എന്നിവയെയും രാജ്യമൊട്ടാകെയുള്ള വ്യാപനത്തെയും സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ. ഇതോടൊപ്പമാണ് സ്പാം കോളുകളിൽ നിന്നും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നത്. നിലവിൽ സ്വകാര്യ ടെലികോം കമ്പനിയായ എയർടെൽ ആണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ സേവനം നൽകുന്നത്. എന്നാൽ ഇതേ സാങ്കേതികവിദ്യ സ്വീകരിച്ചുകൊണ്ട് സാങ്കേതിക രംഗത്ത് വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.
ഇതിന് പുറമേ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് രാജ്യത്ത് എവിടെയാണെങ്കിലും ഇന്റർനെറ്റ് ലഭിക്കുന്ന സേവനത്തിനും തുടക്കമിട്ടിട്ടുണ്ട്. അധികമായി ഒരു രൂപ പോലും ചാർജ് ആയി നൽകാതെ ഉപഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം.
മൊബൈൽ വരിക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ഫോൺ നമ്പർ തിരഞ്ഞെടുക്കുന്നതിനും അനുമതിയുണ്ട്. അതിനായി ഇ- ഓക്ഷനുകളും കമ്പനി സംഘടിപ്പിക്കുന്നുണ്ട്. ഉത്തർപ്രദേശ്, ചെന്നൈ, ഹരിയാന എന്നിവിടങ്ങളിൽ ഇ- ഓക്ഷൻ സേവനം ലഭ്യമാണ്. ഫൈബർ കണക്ഷനുള്ള ഉപഭോക്താക്കൾക്ക് ടെലിവിഷൻ സേവനങ്ങളും ഇനി ബിഎസ്എൻഎൽ നൽകും.
Discussion about this post