ജെറുസലേം: ഹിസ്ബുള്ള ഭീകര നേതാവ് ഹസ്സൻ നസറുള്ളയുടെ പിൻഗാമിയായ സയ്യദ് ഹാഷിം സഫീദിനെയും വധിച്ച് ഇസ്രായേൽ. സൈനിക വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തറിയിച്ചത്. ഒരാഴ്ച മുൻപ് വ്യോമാക്രമണത്തിൽ സഫീദിനെ വധിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.
ബെയ്‌റൂട്ടിൽ നടത്തിയ ഭീകരാക്രമണത്തിലാണ് സഫീദിനെ വധിച്ചത് എന്നാണ് വിവരം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ കഴിഞ്ഞ ആഴ്ച അതിശക്തമായ ആക്രമണം ആയിരുന്നു ഇസ്രായേൽ പ്രതിരോധ സേന നടത്തിയിരുന്നത്. നസറുള്ളയ്ക്ക് പിന്നാലെ സഫീദിനെയും സേന ലക്ഷ്യമിടുന്നതായി നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ മാസമാണ് പേജർ ആക്രമണത്തിലൂടെ ഹസ്സൻ നസറുള്ളയെ ഇസ്രായേൽ വധിച്ചത്. ഇയാൾക്കൊപ്പം കൂട്ടാളികളെയും പ്രതിരോധ സേന വധിച്ചിരുന്നു. നസറുള്ള കൊല്ലപ്പെട്ട മണിക്കൂറുകൾക്കുള്ളിൽ സഫീദിനെ പുതിയ തലവനായി ഭീകര സംഘടന പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി സഫീദിനെക്കുറിച്ച് യാതൊരു വിവരവും പുറംലോകം അറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. നസറുള്ളയെയും പിൻഗാമിയെയും വകവരുത്തി. ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തിനെയും ഇല്ലാതെ ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post