മെൽബൺ: കടൽതീരങ്ങളിലേക്ക് കറുത്ത നിറത്തിലുള്ള പന്തുകൾ കൂട്ടത്തോടെ ഒഴികെയെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഉള്ള ബീച്ചുകളിലാണ് കറുത്ത പന്തുകൾ അടിഞ്ഞത്. സംഭവത്തിൽ റാൻഡ്വിക് സിറ്റി കൗൺസിലും എൻഎസ്ഡബ്ല്യു എൻവയോൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റിയും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂഗി, ക്ലോവെല്ലി, ഗോർഡോൻസ്, മറൂബ്ര എന്നീ ബീച്ചുകളിൽ ആയിരുന്നു കറുത്ത പന്തുകൾ ഒഴുകിയെത്തിയത്. നിരവധി സംഭവ സമയം ബീച്ചുകളിൽ വിനോദത്തിനായി എത്തിയിരുന്നു. പന്തുകൾ കണ്ടതോടെ ഇവർ പരിഭ്രാന്തിയിലായി. ബീച്ചുകൾ വൃത്തിയാക്കുന്നത് വരെ ആളുകൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനം നിഷേധിച്ചു.
കടലിൽ എണ്ണ ചോർന്നാൽ ഉണ്ടാകുന്ന ടാർബോൾ പ്രതിഭാസം ആണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കടലിലെ വെള്ളത്തിലേക്ക് വീഴുന്ന എണ്ണ മാലിന്യങ്ങളുമായി കൂടിച്ചേരും. തിരകളിൽ തട്ടിയാണ് ഇവയ്ക്ക് ഉരുണ്ട ആകൃതി കൈവരുന്നത്. കാറ്റ്, കാലാവസ്ഥ എന്നിവയും ടാർപന്തുകളുടെ ആകൃതി നിർണയിക്കുന്ന ഘടകങ്ങൾ ആണ്.
ഇവ കരയിലെ മണലിൽ കിടക്കുമ്പോൾ യാതൊരു പ്രശ്‌നവും ഇല്ല. എന്നാൽ ഇവ ശരീരവുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണം. ചർമ്മത്തിൽ തട്ടിയാൽ പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. ഇവ അറിയാതെ ഭക്ഷിച്ചാൽ മരണംവരെ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിക്കുന്നു.
Discussion about this post